Deshabhimani

print edition വന്യജീവി സംരക്ഷണനിയമം; കേരളത്തിന്റെ ഭേദഗതിബിൽ കേന്ദ്രം തള്ളി

Wild animal attack
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Oct 29, 2026, 01:30 AM | 1 min read

തിരുവനന്തപുരം : 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. 2025 ഒക്‌ടോബർ എട്ടിന്‌ സംസ്ഥാന നിയമസഭ പാസാക്കി, കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ‘വന്യജീവി സംരക്ഷണ നിയമം (കേരള ഭേദഗതി) ബിൽ 25 ആണ്‌ തള്ളിയത്‌. മനുഷ്യ–വന്യജീവി സംഘർഷം തടയുന്നതിന്‌ സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ അധികാരം നൽകുന്നതിനുള്ള അഞ്ച്‌ ഭേദഗതിയാണ്‌ കേരളം സമർപ്പിച്ചത്‌.


ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായാണ്‌ എൽഡിഎഫ്‌ സർക്കാർ ബില്ല്‌ പാസാക്കിയത്‌. ഭേദഗതികൾ അംഗീകരിക്കാനാകില്ല എന്നാണ്‌ കേന്ദ്രസർക്കാരിന്റെ നിലപാട്‌. ആഗസ്‌ത്‌ 10ന്‌ അടൂർ പ്രകാശ്‌ എംപി പാർലമെന്റിൽ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന്‌ ‘ഭേദഗതികൾ അംഗീകരിക്കാൻ കഴിയില്ല’ എന്ന്‌ കേന്ദ്രസർക്കാർ മറുപടി നൽകിയെന്നാണ്‌ വനംമന്ത്രി ഷിബു ബേബി ജോൺ നിയമസഭയെ അറിയിച്ചത്‌.


കേന്ദ്രസർക്കാർ മറുപടി നൽകി 78 ദിവസങ്ങൾക്കുശേഷമാണ്‌ സംസ്ഥാന സർക്കാർ ജനങ്ങളെ ഇക്കാര്യം അറിയിക്കുന്നത്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്‌ എന്തോ മറച്ചുവയ്‌ക്കാനുള്ളതുകൊണ്ടാണ്‌ ഇ‍ൗ നീക്കമെന്ന്‌ വ്യക്തം. സംസ്ഥാനം സമർപ്പിച്ച ഭേദഗതികളിൽ വ്യക്തത വരുത്താൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ്‌ സർക്കാർ ഇതിന്‌ തയ്യാറായില്ല.


തുടർന്നാണ്‌ കേന്ദ്രസർക്കാർ കേരളത്തിന്റെ ഭേദഗതികൾ തള്ളിയത്‌. വന അതിർത്തിയോടുചേർന്ന്‌ താമസിക്കുന്ന ജനവിഭാഗത്തോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ക്രൂരതയാണ്‌ ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്‌. ജനവാസമേഖലകളെ പരിസ്ഥിതിലോല മേഖലകളാക്കി മനുഷ്യരെ കുടിയിറക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നടപടിയെടുക്കാൻ മടിച്ചുനിൽക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. എൽഡിഎ-ഫ്‌ അംഗങ്ങളായ യു ആർ പ്രദീപ്‌, പി എ മുഹമ്മദ്‌ റിയാസ്‌, കെ വി സുമേഷ്‌, സി രവീന്ദ്രനാഥ്‌ എന്നിവർ ഇക്കാര്യം നിയമസഭയിൽ ചോദ്യമായി ഉന്നയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home