ക്ഷേമപെൻഷൻ മസ്‌റ്ററിങ് 31 വരെ; 6.5 ലക്ഷം പേർ പുറത്ത്

തിരുവനന്തപുരം: ക്ഷേമ പെൻഷൻ മസ്‌റ്ററിങ് കാലാവധി 31ന് അവസാനിക്കാനിരിക്കെ 6,57,606 പേർ ഇപ്പോഴും പുറത്ത്. എല്ലാവർഷവും മസ്‌റ്ററിങ് ചെയ്യുന്നതിനാൽ ഒരുവർഷംകൊണ്ട് ഇത്രയും പേർ മരണപ്പെടാനിടയില്ല എന്നതിനാൽ മറ്റു കാരണങ്ങളാൽ മസ്‌റ്ററിങ് ചെയ്യാനാകാത്തവരാകും ഇതിലേറെയും.
മസ്‌റ്ററിങ് പൂർത്തിയാക്കിയവർക്കേ പെൻഷനുള്ളു എന്ന് സർക്കാർ നിലപാടെടുത്താൽ ലക്ഷക്കണക്കിനുപേർ ക്ഷേമപെൻഷനുകളിൽനിന്ന് പുറത്താകും.
സെപ്‌തംബർ 30ന് അവസാനിച്ച മസ്‌റ്ററിങ് സമയപരിധി ഒക്‌ടോബർ 31വരെ നീട്ടുകയായിരുന്നു. പ്രയാസം നേരിടുന്നവരുടെ കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന് സർക്കാർ നിർദേശിച്ചില്ല. സാമൂഹ്യ സുരക്ഷാ പെൻഷനിൽ 52,23,337 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ വ്യാഴാഴ്‌ച വരെ 48,63,460 പേരാണ് മസ്‌റ്ററിങ് പൂർത്തിയാക്കിയത്.
ഒരാഴ്‌ചമുമ്പ് 48,43,325 പേരായിരുന്നു ബാക്കി. ചെറിയ വർധനമാത്രമാണ് ഒരാഴ്‌ചകൊണ്ടുണ്ടായത്. നിലവിൽ 3,59,877 പേർ പുറത്തുണ്ട്. സാങ്കേതിക തകരാറുകളും കിടപ്പുരോഗികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ എത്താനാകുമെന്നതിനാലാണ് കുറയാൻ കാരണമെന്നാണ് സൂചന.
ക്ഷേമനിധി പെൻഷനിൽ 14,34,117 അംഗങ്ങളാണുള്ളത്. 11,36,388 പേരാണ് മസ്‌റ്ററിങ് പൂർത്തിയാക്കിയത്. 3,59,877 പേർ പുറത്തുണ്ട്. ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ കുറവു വരുത്തണമെന്ന താൽപര്യമുള്ളതിനാൽ മസ്‌റ്ററിങ് കുറയുന്നതിൽ സർക്കാരിന് ആശങ്കയുണ്ടാകില്ല. നിലവിൽ പ്രതിമാസം 1050 കോടിയിലേറെ രൂപയാണ് പെൻഷൻ വിതരണത്തിനായി വേണ്ടിവരുന്നത്.









0 comments