പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് കെഎംസിസി; സർക്കാർ നടപടിയിൽ പ്രതിഷേധം

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കുത്തനെ ഉയർത്തിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്ക് വർധന പിൻവലിക്കണമെന്ന് കെഎംസിസി. അർഹരായവർക്ക് താങ്ങാവുന്ന നിരക്കിൽ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ഉടൻ ലഭ്യമാക്കണമെന്നും കെഎംസിസി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സർക്കാരിനും മുഖ്യമന്ത്രിക്കും മസ്കത്ത് കെഎംസിസി കത്തയച്ചിട്ടുണ്ട്.
രോഗാവസ്ഥയിൽ പ്രവാസികൾക്ക് ആശ്വാസമാകുന്നതിലേക്കായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ നിരക്ക് വർധിപ്പിച്ച യുഡിഎഫ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രവാസലോകത്ത് ഉയരുന്നത്. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61–70 വിഭാഗത്തിൽ 28,326 രൂപയും 71–80 വിഭാഗത്തിൽ 48,279 രൂപയുമാണ് പ്രീമിയം. കുടുംബ ചികിത്സാ പരിരക്ഷയ്ക്ക് ഇതേ പ്രായവിഭാഗങ്ങളിൽ യഥാക്രമം 35,664, 44,718, 77,773 രൂപയും നൽകേണ്ടതായി വരും. കുറഞ്ഞ വരുമാനവും വിരമിച്ചവരും ഉൾപ്പടെയുള്ള പ്രവാസികൾക്ക് നിരക്ക് വർധന വലിയ തിരിച്ചടിയാകും.
പ്രവാസി ക്ഷേമം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്‌ചപ്പാടിന്റെ ഭാഗമായിരുന്നു പദ്ധതി. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉപേക്ഷിച്ച് നോർക്ക ഇൻഷുറൻസിൽ അംഗങ്ങളായവർക്ക് ഇരട്ടപ്രഹരമാണ് ഇപ്പോഴത്തെ നിരക്കുവർധന. നോർക്കയുടെ ഉയർന്ന പ്രീമിയം താങ്ങാനാകാതെയും പഴയ സ്വകാര്യ പോളിസിയിലേക്ക് മുൻ വ്യവസ്ഥകളിൽ തിരിച്ചുപോകാനാകുമെന്ന ഉറപ്പില്ലാതെയും പ്രവാസികൾ പ്രതിസന്ധിയിലാണ്. കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഒന്നുംചെയ്യാനാകില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് സർക്കാർ.








0 comments