കലിക്കറ്റിൽ യുഡിഎസ്എഫ് നടത്തിയത് ആസൂത്രിത ആക്രമണം; എസ്‌എഫ്‌ഐ നേതാക്കൾക്കു നേരെ വധശ്രമം

ചേളാരി ഡിഎംഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അതിക്രമിച്ച് കയറി കെഎസ്‌യു–എംഎസ്‌എഫ് സംഘം അക്രമം നടത്തുന്നു
പി പ്രശാന്ത് കുമാർ
Published on Oct 29, 2026, 09:30 PM | 1 min read
കോഴിക്കോട്: കലിക്കറ്റ് സർവകലാശാല ക്യാമ്പസ് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയുടെ ഗംഭീര വിജയത്തിൽ വിറളിപൂണ്ട കെഎസ്‌യു–എംഎസ്‌എഫ് സംഘം നടത്തിയത് ആസൂത്രിത ആക്രമണം. ആശുപത്രിയിൽ കയറി നടത്തിയ ആക്രമണം എസ്‌എഫ്‌ഐ നേതാക്കളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് എം സുജിൻ, സെക്രട്ടറി എൻ ആദിൽ എന്നിവർക്കു നേരെയാണ് വധശ്രമമുണ്ടായത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ് ചേളാരിയിലെ ഡിഎംഎസ് ആശുപത്രിയിൽ കിടക്കുന്ന പ്രവർത്തകരെ കാണാനെത്തിയ നേതാക്കൾക്കു നേരെയുള്ള ആക്രമണം ഏറെ ആസൂത്രിതമായിരുന്നു. മാരകായുധങ്ങളുമായി ഇരുപത്തഞ്ചോളം പേരാണ് ആശുപത്രിയിൽ അതിക്രമിച്ചു കടന്നത്. സുജിനെയും ആദിലിനെയും ലക്ഷ്യമിട്ട് കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. പരിക്കേറ്റ് നിലത്തുവീണ ഇരുവരെയും മാരകായുധങ്ങളുമായി വീണ്ടും ആക്രമിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സർവകലാശാല ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയം മണത്തതോടെ കെഎസ്‌യു–എംഎസ്‌എഫ് സംഘം ആക്രമണത്തിന് കോപ്പുകൂട്ടിയിരുന്നു. അതിനായി മാരകായുധങ്ങൾ കൊണ്ടുവരികയും യൂത്ത് കോൺഗ്രസ്–യൂത്ത് ലീഗ് ക്രിമിനലുകളെ ക്യാമ്പസിൽ എത്തിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ വ്യാഴാഴ്ച രാത്രി 12.30 നാണ് എസ്എഫ്ഐ നേതാക്കളെ ആക്രമിച്ചത്. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമികൾ ആശുപത്രി ഉപകരണങ്ങളടക്കം നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ക്യാമ്പസിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ തല്ലിച്ചതയ്‌ക്കുകയും കണ്ണിൽക്കണ്ടതെല്ലാം അടിച്ചുതകർക്കുകയും ചെയ്‌ത യുഡിഎസ്എഫ് സംഘം കാമ്പസിൽ കലാപ അന്തരീക്ഷമാണുണ്ടാക്കിയത്. ബുധനാഴ്ച വൈകിട്ടോടെ പോലീസിന്റെ കൺമുന്നിൽ വെച്ചാണ് ആക്രമണം തുടങ്ങിയത്. ക്യാമ്പസിലെ ജന്തർമന്തർ സമര കേന്ദ്രം അടിച്ചു തകർത്തു കൊണ്ടായിരുന്നു തുടക്കം. കനത്ത കല്ലേറും നടത്തി. എസ്എഫ്ഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മാരകായുധങ്ങളുമായി അക്രമിച്ചു. നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർക്ക് സാരമായി പരിക്കേറ്റ്. വനിതാ പ്രവർത്തകരെയും വെറുതെ വിട്ടില്ല. ജന്തർമന്തർ സമരകേന്ദ്രത്തിലുണ്ടായിരുന്ന കസേരകളും മറ്റും നശിപ്പിച്ചു. വാഹനങ്ങൾ കല്ലെറിഞ്ഞും തകർത്തു. ഗ്യാസ് കട്ടർ മെഷീൻ കൊണ്ടുവന്നു എസ് എഫ് ഐ യുടെ കൊടിമരം അറുത്തു മാറ്റി. അക്രമികൾക്ക് പിന്തുണയുമായി പൊലീസ് നോക്കി നിന്നു. അക്രമികൾ കാമ്പസിൽ നിന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷം നിരപരാധികൾക്കു നേരെ ലാത്തിവീശി.









0 comments