നന്നായി കളിച്ചതിന് പുറത്തിരുത്തി; പിന്നാലെ മൂന്ന് വയസുകാരന് വമ്പൻ ഓഫറുകൾ

നെവാഡ നെയ്മർ പിയറി
ഫ്ലോറിഡ: അമ്പരിപ്പിക്കുംവിധം ഫുട്ബോൾ പ്രകടനം നടത്തുന്ന ഫ്ലോറിഡയിൽനിന്നുള്ള നെവാഡ നെയ്മർ പിയറി എന്ന മൂന്നുവയസുകാരനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. മുതിർന്ന മറ്റ് കുട്ടികളെ മറികടന്നുള്ള നെവാഡയുടെ പ്രകടനത്തിന് പിന്നാലെ യൂത്ത് സോക്കർ ലീഗിൽനിന്ന് പുറത്താക്കപ്പെടുകയും പിന്നീട് പൊലീസെത്തി മാതാപിതാക്കളെ പിടിച്ചുമാറ്റുകയും ചെയ്തിരുന്നു. സംഭവത്തിനു പിന്നാലെ ബാലന്റെ ഫുട്ബോൾ പരിശീലനം തുടരാൻ ആരംഭിച്ച ധനസമാഹരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
നെവാഡയുടെ അമ്മ മാർട്ടേഷ്യ ഗ്രിഫിൻ ആരംഭിച്ച ‘സപ്പോർട്ട് നെവാഡാസ് സോക്കർ ജേണി’ എന്ന ഗോഫണ്ട്മി ക്യാമ്പയിനിൽ, വെറും 24 മണിക്കൂറിനുള്ളിൽ തന്നെ 30,000 ഡോളറിലധികം (ഏകദേശം 25 ലക്ഷത്തിലധികം രൂപ) സമാഹരിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഫീസ്, പരിശീലനം, കളിയുപകരണങ്ങൾ, യാത്ര തുടങ്ങിയ ചെലവുകൾക്കായാണ് പണം ഉപയോഗിക്കുകയെന്ന് കുടുംബം അറിയിക്കുന്നു.
'അത്രയ്ക്ക് നന്നായി കളിക്കണ്ട'
ഒക്ടോബർ 24ന് വിന്റർ പാർക്കിലെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പാർക്കിൽ ഐ9 സ്പോർട്സ് സംഘടിപ്പിച്ച കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെയാണ് തർക്കമുണ്ടായത്. പ്രായത്തിൽ മുതിർന്ന കുട്ടികളെ മറികടന്ന് ഗോളുകൾ നേടുന്ന നെവാഡയെ, കളിമികവിന്റെ പേരിൽ മത്സരത്തിൽനിന്ന് മാറ്റിനിർത്തിയെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടു. തുടർന്ന് സംഘാടകരമായി തർക്കമുണ്ടായി. പിന്നാലെ പൊലീസ് എത്തി മാതാപിതാക്കളെ പിടിച്ചുമാറ്റിയെന്നാണ് വാർത്തകൾ.
മാതാപിതാക്കൾ പ്രശ്നങ്ങളുണ്ടാക്കിയതാണ് പൊലീസിനെ വിളിക്കാൻ കാരണമെന്ന് സംഘാടകർ അവകാശപ്പെട്ടെങ്കിലും കുടുംബം ഇത് നിഷേധിച്ചു. ബാലനെ അവഗണിച്ചത് വർണവിവേചനത്തിന്റെ പേരിലാണെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ ഐ9 സ്പോർട്സ്' അന്വേഷണം പ്രഖ്യാപിച്ചു.
ഇനി 'കുഞ്ഞൻ' കളിയല്ല
വെറും എട്ടുമാസം പ്രായമുള്ളപ്പോൾ മുതൽ പന്തിനെ പ്രണയിച്ചു തുടങ്ങിയിരുന്നു നെവാഡ. അച്ഛൻ ഡോൺ പിയറിയുടെ സഹായത്തോടെയാണ് പന്തടക്കവും കളിയോടുള്ള പരിചയവും വളർന്നത്. ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽനിന്ന് മകൻ നാൽപ്പതിലധികം ഗോളുകൾ നേടിയെന്നാണ് മാർട്ടേഷ്യ എബിസി ന്യൂസിനോട് പറഞ്ഞത്. അച്ഛനൊപ്പം ദിവസവും മൂന്ന് മണിക്കൂറോളം പരിശീലിക്കാറുണ്ട്. മറ്റു കുട്ടികൾക്ക് പന്ത് തൊടാനും കളിയിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്നില്ലെന്ന പരാതിയുടെ പേരിൽ നെവാഡയെ മുൻമത്സരങ്ങളിലും പുറത്തിരുത്തിയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
നെവാഡ ചർച്ചാതാരമായതോടെ തുടർപരിശീലനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. മികച്ച ക്ലബുകൾ ബാലനെ ഏറ്റെടുക്കണമെന്നും നിരവധിപേർ പ്രതികരിക്കുന്നുണ്ട്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ 'ലാ മാസിയ' അക്കാദമിയിൽ നെവാഡയ്ക്ക് പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ 'ലാ മാസിയ'യിൽ അഞ്ച് വയസ് മുതലുള്ള കുട്ടികളെയാണ് ചേർക്കാൻ അനുവദിക്കാറുള്ളത്. എന്നിരുന്നാലും നെവാഡയ്ക്ക മറ്റ് വലിയ സ്പോൺസർഷിപ്പുകൾ ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നെവാഡയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയവരിൽ മുൻ അമേരിക്കൻ ദേശീയ ഫുട്ബോൾ താരം എഡ്ഡി ജോൺസണുമുണ്ട്. ഒർലാൻഡോയിലെ തന്റെ ഇജെഇ7 ഫുട്ബോൾ അക്കാദമിയിൽ ബാലനെ പരിശീലിപ്പിക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു. കുട്ടികൾക്കായുള്ള പരിപാടികളിലൂടെ പ്രശസ്തയായ മിസ് റേച്ചലും ബാലന് പിന്തുണ അറിയിച്ചു.








0 comments