Deshabhimani

അടപ്പാടിയിലെ ശിശുമരണങ്ങൾ; ശിശുദിനത്തിൽ ബാലസംഘം ഉപവാസം സംഘടിപ്പിക്കും

balasangham
വെബ് ഡെസ്ക്

Published on Oct 29, 2026, 10:04 PM | 1 min read

പാലക്കാട് : അട്ടപ്പാടിയിലെ കുട്ടികൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഇരകളാകുന്നതിനെതിരെ കേരളത്തിന്റെ മനഃസാക്ഷി ഉണരണമെന്ന് ബാലസംഘം സംസ്ഥാന ഭാരവാഹികൾ. ശിശുമരണങ്ങൾ നടന്ന വീടുകൾ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അഭ്യർഥിച്ചത്. നവംബർ 14 ശിശുദിനത്തിൽ കുട്ടികളുടെ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും അറിയിച്ചു.


ശിശുരോദനങ്ങൾ ഉയരുമ്പോൾ പൊതുസമൂഹം നിശബ്ദരായി നോക്കിനിൽക്കരുതെന്നും നിഷ്ക്രിയമായ സർക്കാരിനെതിരെ ശബ്ദമുയർത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.


അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ എൽഡിഎഫ് സർക്കാർ പ്രത്യേകമായി നടപ്പാക്കിയിരുന്ന പദ്ധതികളെല്ലാം നിലച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. കോട്ടത്തറ ട്രൈബൽ ആശുപത്രിക്കു കീഴിൽ നിലവിൽ 470 ഗർഭിണികളുണ്ട്. പ്രസവസമയമടുത്ത 17 പേരിൽ 12 പേരും ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണെന്ന് ആശുപത്രി സൂപ്രണ്ട് ഷിജിൻ ജോൺ ആലൂർ പറഞ്ഞു.


അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യത്തിൽ ശിശുമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ ഗർഭിണികളെ നേരത്തേ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് ബാലസംഘം ആവശ്യപ്പെട്ടു.


ബാലസംഘം സംസ്ഥാന സെക്രട്ടറി ഡിഎസ് സന്ദീപ്, പ്രസിഡന്റ് പ്രവിഷ പ്രമോദ്, സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രേംജിത്, ജില്ലാ കോഓർഡിനേറ്റർ കെആർ അഭിഷേക്, ജില്ലാ അക്കാദമിക് കൺവീനർ പിടി രാഹേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സിപി സുധാകരൻ, ഏരിയ കൺവീനർ സുനിൽ കെജി., ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home