ഹൈലോ ഓപ്പൺ ബാഡ്മിന്റൺ: പിവി സിന്ധു ക്വാർട്ടറിൽ, മാളവികയും ഇഷാറാണിയും പുറത്ത്

പിവി സിന്ധു: Photo: Sportsstar
സാർബ്രൂക്കൻ : ഹൈലോ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യൻ താരം പിവി സിന്ധു വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ. വ്യാഴാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഫ്രാൻസിന്റെ റോസി ഒക്ടാവിയ പൻകസാരിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് രണ്ടാം സീഡായ സിന്ധു അവസാന എട്ടിൽ ഇടം നേടിയത്. സ്കോർ: 21–9, 21–6. വെറും 26 മിനിറ്റിലാണ് സിന്ധു വിജയം സ്വന്തമാക്കിയത്.
കളിച്ച 57 പോയിന്റുകളിൽ 42 എണ്ണവും നേടിയ സിന്ധു എതിരാളിക്ക് 15 പോയിന്റുകൾ മാത്രമാണ് വിട്ടുനൽകിയത്. ആദ്യ റൗണ്ടിൽ പ്രകൃതി ഭാരതിനെ തോൽപ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ റണ്ണറപ്പായ ശേഷമാണ് സിന്ധു ഹൈലോ ഓപ്പണിൽ മത്സരിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ഡെൻമാർക്കിന്റെ അമാലി ഷുൾസാണ് സിന്ധുവിന്റെ എതിരാളി.
ഇന്ത്യയുടെ മാളവിക ബൻസോദും ഇഷാറാണി ബറുവയും രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. മാളവിക കാനഡയുടെ വെൻ യു ഷാങ്ങിനോട് 11–21, 17–21 എന്ന സ്കോറിനാണ് തോറ്റത്. 31 മിനിറ്റ് നീണ്ട മത്സരത്തിൽ ആദ്യ ഗെയിമിൽ പിന്നിലായ മാളവിക രണ്ടാം ഗെയിമിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടാനായില്ല.
ഡെൻമാർക്കിന്റെ എട്ടാം സീഡ് ലൈൻ ഹോജ്മാർക്ക് ക്ജേർസ്ഫെൽഡിനോടാണ് ഇഷാറാണി തോറ്റത്. സ്കോർ: 14–21, 19–21. 39 മിനിറ്റ് നീണ്ട മത്സരത്തിൽ രണ്ടാം ഗെയിമിൽ ഇഷാറാണി ശക്തമായി പൊരുതിയെങ്കിലും ഡാനിഷ് താരം വിജയം ഉറപ്പിച്ചു.
ഇന്ത്യയുടെ ആറാം സീഡ് ഉന്നതി ഹൂഡ ഡെൻമാർക്കിന്റെ ഫ്രെഡറിക്കെ ഓസ്റ്റർഗാർഡിനെ നേരിടും. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും കിരൺ ജോർജും തമ്മിലുള്ള പോരാട്ടവും വ്യാഴാഴ്ച നടക്കും. വനിതാ സിംഗിൾസിൽ അൻമോൾ ഖർബ് ഡെൻമാർക്കിന്റെ മൂന്നാം സീഡ് ലൈൻ ക്രിസ്റ്റോഫേഴ്സണെ നേരിടും.








0 comments