ഹിമാചലിൽ നിന്ന് കറന്റില്ല; നവംബറിൽ വൈദ്യുതിക്ഷാമം രൂക്ഷമാകും, സർച്ചാർജും കൂടും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുമാസത്തിലേറെയായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടുത്തെങ്ങും പരിഹാരമാകില്ല. അടുത്ത മാസം നിലവിൽ ലഭിച്ചുകൊണ്ടിരുന്നതിൽ 1200 മെഗാവാട്ട് വൈദ്യുതിയെങ്കിലും നവംബർ ഒന്നുമുതൽ കുറവുവരും. സർച്ചാർജും വരുന്നതോടെ വൈദ്യുതി ഇല്ലെങ്കിലും ജനങ്ങൾക്ക് അധികബാധ്യത വരും.
2027 ഏപ്രിൽവരെ ഹ്രസ്വകാല കരാറുകളിലൂടെ യൂണിറ്റിന് 20 രൂപവരെ നൽകി വൈദ്യുതി വാങ്ങാനുള്ള അപേക്ഷയാണ് റെഗുലേറ്ററി കമീഷന് കെഎസ്ഇബി നൽകിയിരുന്നത്. യൂണിറ്റിന് 14.89 മുതൽ 6.99 രൂപ വരെയാണ് മറ്റ് കരാറുകൾ.
യൂണിറ്റിന് 10 രൂപവരെ നൽകി വൈദ്യതി വാങ്ങാനുള്ള അനുമതിയാണ് നൽകിയത്. നവംബറിൽ അർധരാത്രിമുതൽ പുലർച്ചെ അഞ്ചുവരെയുള്ള കുറഞ്ഞ ആവശ്യകതയുള്ള (ഓഫ് പീക്ക്) സമയത്ത് ആകെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കായ യൂണിറ്റിന് 7.44 രൂപ നിരക്കിൽ വാങ്ങാനാണ് അനുമതി.
ജലസംഭരണികളിലെ വെള്ളം വേനൽക്കാലത്തേക്ക് സംരക്ഷിക്കാനാണിത്. അതേസമയം സിന്നാർ താപനിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത അടക്കം ചൂണ്ടിക്കാട്ടി അധിക ആവശ്യകതയുള്ള പീക്ക് സമയത്തെയും ഓഫ് പീക്ക് സമയത്തെയും മറ്റ് ഹ്രസ്വകാല കരാർ അപേക്ഷകൾ കമീഷൻ തള്ളി.
മാർച്ചിലും ഏപ്രിലിലും പീക്ക് സമയത്ത് 13.89 രൂപയ്ക്ക് വൈദ്യുതി വാങ്ങാനായിരുന്നു കെഎസ്ഇബി അപേക്ഷ. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബോർഡിനും ഉപഭോക്താക്കൾക്കും കനത്ത ബാധ്യതയുണ്ടാക്കുമെന്നാണ് കമീഷൻ വിലയിരുത്തൽ.
നിലവിൽ ഹിമാചൽപ്രദേശിൽനിന്ന് കമീഷന്റെ അനുമതിയില്ലാതെ 14 രൂപയ്‌ക്ക് കിട്ടിക്കൊണ്ടിരുന്നത് ഇൗ മാസം 31ന് അവസാനിക്കും. അതിനാൽ നവംബറിൽ പ്രതിസന്ധിയാകും. നവംബറിൽ ഉയർന്ന സർച്ചാർജ് പിരിക്കാൻ കെഎസ്‌ഇബി തീരുമാനിച്ചിട്ടുണ്ട്.
പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസ വീതവും ദ്വൈമാസ ബില്ലുകാർക്ക് നാല് പൈസ വീതവുമാണ് ഇൗടാക്കുക. സെപ്തംബറിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ 11.92 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതിനാലാണ് ഇന്ധന സർചാർജ് ആയി നവംബറിൽ പിരിക്കുന്നത്.








0 comments