മണിയൂർ പോക്സോ കേസ്: പൊലീസ് ഒത്തുകളി അവസാനിപ്പിച്ച് മുഖ്യപ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം- എല്‍ഡിഎഫ് കണ്‍വീനര്‍

ടി പി രാമകൃഷ്‌ണന്‍
തിരുവനന്തപുരം: കോഴിക്കോട് മണിയൂരിൽ 13 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സ്വൈരവിഹാരം നടത്താന്‍ പൊലീസ് തലപ്പത്തുള്ള സ്വാധീനം വഴിയൊരുക്കുകയാണെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്‌ണന്‍. പൊലീസും പ്രോസിക്യൂഷനും ഈ ഒത്തുകളി അവസാനിപ്പിച്ച് മുഖ്യപ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം. പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
2026 ജനുവരിയില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പയ്യോളി പൊലീസ് ഈ കേസ് രജിസ്റ്റര്‍ ചെയ്‌തത്. പ്രവാസി ബിസിനസ്സുകാരനായ റഫീഖാണ് കേസിലെ ഒന്നാം പ്രതി. കുട്ടിയുടെ ഉമ്മ രണ്ടാം പ്രതിയുമാണ്. നാട്ടുകാരുടെ ശക്തമായ ഇടപെടലുകളെയും, പ്രതിഷേധങ്ങളെയും തുടര്‍ന്ന് രണ്ടാം പ്രതിയായ ഉമ്മയെ അറസ്റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തു. എന്നാല്‍, ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാതെ അയാള്‍ക്ക് ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ പൊലീസ് സൗകര്യമൊരുക്കുകയാണ് ചെയ്‌തത്.
ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന മുഖ്യപ്രതി റഫീഖ്, 9 മാസങ്ങള്‍ക്ക് ശേഷം കൊയിലാണ്ടി കോടതിയില്‍ ഹാജരായപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അനായാസം ജാമ്യത്തിലിറങ്ങി. പൊലീസും പ്രോസിക്യൂഷനും നടത്തിയ ഈ ഒളിച്ചുകളിക്കെതിരെ നാട്ടുകാരും, ആക്ഷന്‍ കമ്മിറ്റിയും ശക്തമായി രംഗത്തുവന്നതോടെയാണ് ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായത്. തുടര്‍ന്ന് ജാമ്യം റദ്ദായ പ്രതി ഒളിവില്‍ പോവുകയും, ദിവസങ്ങള്‍ക്കകം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയും ചെയ്‌തു. പ്രതിക്ക് അനുകൂലമായ പൊലീസിന്റെയും, പ്രോസിക്യൂഷന്റെയും നിലപാടുകള്‍ തന്നെയാണ് ഇതിനും കാരണമായത്.
കുറ്റവാളികളെ സംരക്ഷിക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് അടിയന്തരമായി അവസാനിപ്പിക്കണം. ഒന്നാം പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കണമെന്നും, ഇരയായ പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നും ടി പി രാമകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.








0 comments