Deshabhimani

കരാർ ജീവനക്കാരുടെ അന്യായ പിരിച്ചുവിടൽ അവസാനിപ്പിക്കണം: വാട്ടർ അതോറിറ്റി കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ

citu
വെബ് ഡെസ്ക്

Published on Nov 18, 2026, 07:01 PM | 2 min read

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിലെ കരാർ ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. തെറ്റായ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ആസ്ഥാനത്തെത്തിയ യൂണിയൻ നേതാക്കൾ മാനേജിങ് ഡയറക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്.നെ നേരിൽ കണ്ട് നിവേദനം നൽകി.


കേരള വാട്ടർ അതോറിറ്റി കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രമോഷ്, പ്രസിഡന്റ് ഡോ. ഷിജൂഖാൻ, സെക്രട്ടറി എം എ ശശികുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി റഫീഖ എസ്, സംസ്ഥാന കമ്മിറ്റി അംഗം ബെന്നി എന്നിവരാണ് നിവേദനം നൽകിയത്.


ഭരണമാറ്റത്തിന്റെ മറവിൽ വാട്ടർ അതോറിറ്റിയിലെ എച്ച് ആർ കരാർ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് യൂണിയൻ വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ഡിവിഷനുകൾക്കു കീഴിലും സബ് ഡിവിഷനുകളിലും കീഴിലുള്ള ജലശുദ്ധീകരണ പ്ലാന്റുകൾ, പമ്പ് ഹൗസുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന നിരവധി എച്ച്.ആർ. കരാർ ജീവനക്കാരെ പിരിച്ചുവിടുകയാണ്. കൂടാതെ ഓപ്പറേറ്റർ, വർക്കർ, ക്ലീനിങ് സ്റ്റാഫ്, വാച്ചർ, മീറ്റർ റീഡർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് യൂണിയൻ നേതാക്കൾ വാട്ടർ അതോറിറ്റി എംഡി യോട് ആവശ്യപ്പെട്ടു.


വർഷങ്ങളായി വിദഗ്ധ സേവനം അനുഷ്ഠിക്കുന്നവരും അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് ഏറ്റവും സഹായകരമായി സേവനം നൽകുന്നവരും അപകടകരമായ സാഹചര്യങ്ങളിൽ പോലും ഏറ്റവും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണ് കരാർ തൊഴിലാളികൾ. കുറഞ്ഞ വേതനമാണ് ഇവർക്കുള്ളത്. പാവപ്പെട്ട കരാർ തൊഴിലാളികളെ പിരിച്ചുവിടുന്നത് ക്രൂരതയാണ്. ഇവരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കേണ്ടതിന് പകരം പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ടുപോകുന്നത് കടുത്ത അനീതിയാണ്.


സങ്കുചിതരാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങി തൊഴിലാളികളെ പിരിച്ചുവിടുന്നതിനും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിനും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.


അന്യായമായ പിരിച്ചുവിടൽ നടപടികൾ അവസാനിപ്പിക്കുകയും പിൻവാതിൽ നിയമനങ്ങൾ തടയുകയും ചെയ്തില്ലെങ്കിൽ ഡിവിഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ യൂണിയൻ നിർബന്ധിതമാകും. നിലവിലുള്ള ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുകയും പിരിച്ചുവിടൽ നടപടി ഒഴിവാക്കുകയും ചെയ്യണമെന്ന് നിവേദനത്തിലൂടെ യൂണിയൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home