വോട്ടർപ്പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന; പൗരത്വ ഭേദഗതി നടപ്പാക്കാനുള്ള നീക്കം: സിപിഐ എം

തിരുവനന്തപുരം: വോട്ടർപ്പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന(എസ്‌ഐആർ) യുടെ മറവിൽ പൗരത്വ ഭേദഗതി നടപ്പാക്കാനാണ് ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ. എസ്‌ഐആറിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർടികളുടെ യോഗത്തിലാണ് പരാമർശം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. വിയോജിപ്പുകളെ തിരസ്കരിക്കുക മാത്രമല്ല, നിഷ്കാസനം ചെയ്യിക്കുകയാണ് ബിജെപി നയം. പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാ ൻ എസ്ഐആർ എന്ന ഓമനപ്പേരിട്ട് കൊണ്ടുവന്നു.
എന്യൂമറേഷൻ ഫോറത്തിലെ മൂന്ന് വ്യവസ്ഥകൾ ശ്രദ്ധിച്ചാൽ മനസിലാകും. 1987 ജൂലൈ ഒന്നിനുമുമ്പ് ജനിച്ചവർ, 1987നും 2004നും ഇടയിൽ ജനിച്ചവർ, 2004-നുശേഷം ജനിച്ചവർ എന്നിങ്ങനെ തരംതിരിക്കുന്നു. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അടിസ്ഥാനമാക്കിയുള്ള വർഷങ്ങളാണിത്.
മറ്റൊരു വഴിയിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിനാലാണ് അസമിനെ എസ്‌ഐആറിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആർ മാറ്റിവയ്ക്കണമെന്ന രാഷ്ട്രീയപാർടികളുടെ അഭിപ്രായത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഒരു വിലയും നൽകാത്തത് ദൗർഭാഗ്യകരമാണ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും പറയുന്നത് ഒരേ ഷെഡ്യൂളാണ്. ഈ സമയക്രമമെങ്കിലും മാറ്റാമായിരുന്നു. ഇതു സംബന്ധിച്ച് കേരള നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന് തെല്ലും വിലകൽപ്പിച്ചില്ല.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്ന പശ്ചാത്തലത്തിൽ എസ്‌ഐആർ പ്രായോഗികമല്ലെന്ന് ഒരിക്കൽക്കൂടി കേ ന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറെ അറിയിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായോ പ്രവർത്തകരായോ തിരക്കിലാകുന്ന രാഷ്ട്രീയ പാർടി ഏജന്റുമാർക്ക് എസ്‌ഐആറിന്റെ ഭാഗമാകാൻ പ്രയാസമാണ്. കേരളത്തിൽ എല്ലാവർക്കും ലഭ്യമായ റേഷൻ കാർഡ് രേഖയായി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.









0 comments