print edition മരുന്നെത്തിക്കാതെ ആരോഗ്യവകുപ്പ്; കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ എ വിതരണം നിലച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പ്രതിസന്ധിയിൽ. സ്റ്റോക്ക് എത്തിക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തിയതാണ് വിതരണം നിലയ്‌ക്കാൻ കാരണം.
ഇതോടെ, ബുധനാഴ്‌ച മരുന്ന് നൽകാൻ കുഞ്ഞുങ്ങളുമായി ആശുപത്രിയിലെത്തിയവർക്ക് മടങ്ങേണ്ടിവന്നു. മരുന്ന് എന്ന് ലഭ്യമാകുമെന്നതിൽ അധികൃതർക്ക് വ്യക്തതയില്ല.
അവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ ഉൽപ്പാദനം യുഡിഎഫ് സർക്കാർ വന്നശേഷം കുറച്ചതും മരുന്ന് ലഭ്യതയെ ബാധിച്ചു. അവശ്യമരുന്ന് അല്ലാത്തതിനാൽ വരും ആഴ്‌ചകളിൽ സ്റ്റോക്ക് എത്തിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
കുഞ്ഞുങ്ങളുടെ കാഴ്ചശക്തി, പ്രതിരോധശേഷി, ശരിയായ വളർച്ച എന്നിവയ്ക്ക് വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. ആറു മാസംമുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ഇടവേളകളിലാണ് ഡോസുകൾ നൽകുന്നത്.
ഒമ്പതാം മാസത്തിൽ മുണ്ടിനീര് പ്രതിരോധമരുന്നിനൊപ്പവും പോളിയോ മരുന്നിനു ശേഷവും ഡോസ് നൽകാറുണ്ട്. സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിനിടയിൽ പ്രതിരോധമരുന്ന് ലഭിക്കാത്തത് ആശങ്കയ്‌ക്കിടയായിട്ടുണ്ട്.











0 comments