കേരള സര്‍വകലാശാല: സിന്‍ഡിക്കറ്റ് യോഗത്തോട് മുഖംതിരിച്ച് വിസി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിൻഡിക്കറ്റ് യോഗം വിളിക്കണമെന്ന ആവശ്യത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും മറുപടി അറിയിക്കാതെ താൽക്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മൽ. സിൻഡിക്കറ്റിന്റെ അധികാരം വിസ്മരിച്ച് സ്വന്തംനിലയ്ക്ക് നടപടിയെടുക്കുന്ന തിരക്കിലാണ് വിസി. സർവകലാശാല ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വിസിക്ക് അധികാരമുണ്ടെങ്കിലും അതിൽ നടപടിയെടുക്കേണ്ടത് സിൻഡിക്കറ്റാണ്. എന്നാൽ, ചട്ടം പാലിക്കാതെ രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കുമെതിരെ നടപടിയെടുക്കാൻ തിടുക്കംകൂട്ടുകയാണ് കുന്നുമ്മൽ.
ഇതിനാണ് സിൻഡിക്കറ്റ് യോഗം ചേരുന്നത് വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.
60 ദിവസത്തിനുള്ളിൽ സിൻഡിക്കറ്റ് ചേരണമെന്നാണ് ചട്ടം. മെയ് 27നാണ് അവസാനം സിൻഡിക്കറ്റ് യോഗം ചേർന്നത്. ഇതുപ്രകാരം ഈ മാസം 27ന് യോഗം ചേരേണ്ടതാണ്. സിൻഡിക്കറ്റ് ചേരാനായി 18ന് അംഗങ്ങൾ വിസിക്ക് നിവേദനം നൽകിയിരുന്നു. സർവകലാശാല ഭരണസമിതികളുടെ തീരുമാനങ്ങൾ വിസി നടപ്പാക്കണമെന്നാണ് ചട്ടം. ഇത് പാലിച്ചില്ലെങ്കിൽ വിസിക്കെതിരെ സിൻഡിക്കറ്റ് അംഗങ്ങൾ കോടതിയെ സമീപിച്ചേക്കും.








0 comments