കള്ളക്കഥ ഇറക്കി താൽകാലിക വി സി; കേരള സിന്‍ഡിക്കറ്റ് യോഗം പിരിച്ചുവിട്ടു

തിരുവനന്തപുരം: വ്യാജ ആരോപണം ഉന്നയിച്ച് നിർണായക സിൻഡിക്കറ്റ് യോഗം പിരിച്ചുവിട്ട് കേരള സർവകലാശാല താൽകാലിക വൈസ് ചാൻസലർ. ക്വാറം തികഞ്ഞില്ലെന്ന കള്ളക്കഥയിറക്കിയാണ് അജണ്ടകൾ ഒന്നും എടുക്കാതെ ഏകപക്ഷീയമായി വി സി മോഹനൻ കുന്നുമ്മൽ യോഗം പിരിച്ചുവിട്ടത്.
എന്നാൽ യോഗത്തിന് ആവശ്യമായ അംഗങ്ങൾ എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 10ന് സർവകലാശാല ആസ്ഥാനത്തായിരുന്നു യോഗം. ഇടതുപക്ഷ അംഗങ്ങളായ 19 പേരും ബിജെപിയില്‍ നിന്ന് രണ്ടുപേരും കോണ്‍ഗ്രസില്‍ നിന്ന് ഒരാളും യോഗത്തിലെത്തി. കൃത്യമായ ക്വാറമുണ്ടായിട്ട് പോലും വി സിക്കെതിരെയുണ്ടായ വിമര്‍ശനത്തില്‍ നിന്നും എല്‍ഡിഎഫ് പ്രതിനിധികളുടെ ആവശ്യം പരിഗണിക്കാതെ ഇരിക്കാനുമാണ് യോഗം പിരിച്ചുവിട്ടത്.
സിൻഡിക്കേറ്റ് അംഗീകരിച്ച സാം കെ സോളമനെ രജിസ്ട്രാറായി നിയമിക്കുന്നതിനെ വി സി തടഞ്ഞിരുന്നു. കലോത്സവത്തിന് ഫണ്ട് അനുവദിക്കാത്ത വി സിയുടെ നടപടിയും അതുയർത്തുന്ന പ്രതിസന്ധിയും ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു. വിദ്യാര്‍ഥികളുടെ പിഎച്ച്ഡി, പിഎം ഉഷ പദ്ധതി തുടങ്ങിയ നിര്‍ണായക വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാതെ യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.
മോഹനൻ കുന്നുമ്മലിന്റെ നടപടിക്കെതിരെ സിന്‍ഡിക്കറ്റംഗങ്ങളുടെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. സര്‍വകലാശാല ചട്ടപ്രകാരം ഇനി രണ്ടുമാസത്തിന് ശേഷമെ സിന്‍ഡിക്കറ്റ് ചേരാന്‍ കഴിയുകയുള്ളു.
സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും നിരവധി ഫയലുകൾ തീരുമാനമാകാതെ കിടക്കുകയാണ്. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ നിരവധി ഫണ്ടുകൾ വിനിയോഗിക്കേണ്ടതായി ഉണ്ട്. താൽകാലിക വി സിയുടെ നടപടി സർവകലാശാലയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം താറുമാറായിരിക്കുകയാണ്.










0 comments