print edition കേരളയിൽ പ്രസിദ്ധീകരിക്കാത്ത ഫലം ചോർത്തിനൽകി: കെഎസ്‌യുവിന് ഒത്താശ; എസ്എഫ്ഐ സ്ഥാനാർഥിയുടെ പത്രിക തള്ളി

തിരുവനന്തപുരം: കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിനെ സഹായിക്കാൻ സർവകലാശാലാ അധികൃതരുടെ ചട്ടലംഘനവും ഗൂഢാലോചനയുമെന്ന് പരാതി. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത പരീക്ഷാഫലം കെഎസ്‌യുവിന് ചോർത്തി നൽകി, അതിന്റെ അടിസ്ഥാനത്തിൽ എസ്എഫ്ഐ സ്ഥാനാർഥിയുടെ നോമിനേഷൻ രജിസ്ട്രാർ ഏകപക്ഷീയമായി തള്ളിയെന്നാണ് പരാതി.
ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന എസ്എഫ്ഐ സ്ഥാനാർഥിയും എഫ്‌വൈയുജിപി കംപ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ വിദ്യാർഥിയുമായ കെ മുഹമ്മദ് ഷെബിന്റെ നോമിനേഷനാണ് തള്ളിയത്. ഷെബിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലം സർവകലാശാല ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വിദ്യാർഥിക്കുപോലും അറിയാത്ത പരീക്ഷാഫലം സിൻഡിക്കറ്റിന്റെ സഹായത്തോടെ കെഎസ്‌യുക്കാർ അനധികൃതമായി ചോർത്തിയെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‌യു നൽകിയ പരാതിയിൽ രജിസ്ട്രാർ ഏകപക്ഷീയമായി നോമിനേഷൻ തള്ളുകയായിരുന്നു.
സർവകലാശാല നിയമപ്രകാരം പത്രിക സമർപ്പിക്കുന്ന സമയത്ത് സപ്ലിമെന്ററി ഉണ്ടാകരുതെന്നാണ് പറയുന്നത്. കെഎസ്‌യു സ്ഥാനാർഥികളുടെ നോമിനേഷനുകളിലെ വ്യാപക ക്രമക്കേടുകൾക്ക് അധികൃതർ കൂട്ടുനിന്നതിനുപിന്നാലെയാണ് പുതിയ നടപടി. കെഎസ്‌യു സമർപ്പിച്ച പല നോമിനേഷൻ ഫോമുകളിലും കൃത്യമായ സീലോ ഒപ്പോ ഉണ്ടായിരുന്നില്ല.
കൂട്ടക്ഷരങ്ങളിൽ പേരുകൾ എഴുതാൻ പാടില്ലെന്നിരിക്കെ ഇത്തരം അപാകതകളുള്ള നോമിനേഷനുകൾ സ്വീകരിക്കാൻ അധികൃതർ ശ്രമിച്ചത് എസ്എഫ്ഐ ചോദ്യം ചെയ്തിരുന്നു. സൂക്ഷ്മ പരിശോധനാഘട്ടത്തിൽ, മേലധികാരികളുടെ സമ്മർദമുണ്ടെന്നും ചില കാര്യങ്ങളിൽ കണ്ണടക്കേണ്ടി വരുമെന്നുമുള്ള വിചിത്രമായ നിലപാടാണ് രജിസ്ട്രാർ എടുത്തത്.
കെഎസ്‌യുവിന്റെ അപാകതകൾ നിറഞ്ഞ നോമിനേഷനുകളോട് കണ്ണടച്ച രജിസ്ട്രാറാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തുവരാത്ത ഫലത്തിന്റെ പേരിൽ എസ്എഫ്ഐ സ്ഥാനാർഥിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
നവംബർ 12നാണ് തെരഞ്ഞെടുപ്പ്. സർവകലാശാലയുടെ പക്ഷപാതപരമായ നടപടിക്കെതിരെ നിയമപരമായ നടപടികൾക്കടക്കം ഒരുങ്ങുകയാണ് എസ്എഫ്ഐ.









0 comments