print edition നാടിനെ ഭിന്നിപ്പിക്കുന്നവർക്കെതിരെ സാംസ്‌കാരികലോകം ഉണരണം: എം എ ബേബി

മാണിയാട്ട് വിജ്ഞാനദായിനി വായനശാല ശതാബ്ദി ആഘോഷം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് സമരോത്സുകമായ സാംസ്‌കാരിക പ്രവർത്തനം നടത്താനാകണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പുരോഗമന, മതനിരപേക്ഷ മനസ്സ് രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോൾ വസ്‌ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണ്.
നമ്മെ ഉൽക്കണ്‌ഠപ്പെടുത്തുന്ന പ്രവണതകൾ സാംസ്‌കാരിക ദേശീയത എന്ന വ്യാജ നാമത്തിൽ രൂപപ്പെടുന്നുണ്ട്. ഇത് ഗൗരവത്തോടെ തിരിച്ചറിഞ്ഞ് സമരോത്സുകമായ സാംസ്‌കാരിക പ്രവർത്തനം നടത്തണം. ഇത് വിശാലമായ രൂപത്തിൽ വികസിപ്പിച്ചെടുക്കാനാകണം. മതനിരപേക്ഷ, പുരോഗമന, ജനാധിപത്യ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും ഒക്കെ കൈകേോർത്തുപിടിച്ച് സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടരുകൾ നാട്ടിൽ വിടർന്നുവരണം. നമ്മളൊന്ന് എന്ന മുദ്രാവാക്യം ഉയർത്താൻ നമ്മൾക്ക് സാധിക്കണം.
ഇന്നത്തെ കേരളത്തിന്റെ നന്മകൾ രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടാൻ കേരളത്തിൽ എല്ലായിടത്തും കോൺഗ്രസ് ഘടകം രൂപീകരിക്കണമെന്ന് 1935ൽ സർക്കുലറിലൂടെ ആവശ്യപ്പെട്ട അന്നത്തെ കെപിസിസി ജനറൽ സെക്രട്ടറി ഇ എം എസ് ഒപ്പം ഓരോ ഗ്രാമത്തിലും ഓരോ ഗ്രന്ഥശാലയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ന് കേരളത്തിൽ ഓരോ ഗ്രാമത്തിലും ഒന്നോ അതിലധികമോ ഗ്രന്ഥശാലകളുണ്ട്. മാറ്റത്തിന്റെ ആശയങ്ങൾ ജനങ്ങൾക്ക് പകർന്നുകൊടുക്കുന്ന കേന്ദ്രങ്ങളായി അവ മാറി. പുസ്‌തകങ്ങളിലെ പുരോഗമനപരമായ ആശയങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി കുറച്ചുകൂടി മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കാൻ നമുക്കാവണം. സമരാശയങ്ങളുടെ കാവൽപ്പുരകൾ കൂടിയാണ് ഗ്രന്ഥശാലകളെന്നും എം എ ബേബി പറഞ്ഞു.









0 comments