മഴയും മണ്ണും നിരീക്ഷിക്കും; അപകടസാധ്യത അറിയിക്കും

ദുരന്തസാധ്യത മുന്നറിയിപ്പുസംവിധാനവുമായി ഇമ്മാനുവൽ റോയിയും ബ്ലെസൻ ബിജുവും (വരാപ്പുഴ ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ)
മൂവാറ്റുപുഴ
ഉരുൾപൊട്ടലും പ്രളയവും ദുരന്തമായി മുന്നിലെത്തുംമുമ്പേ അപകടസാധ്യത തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാനായാലോ? മണ്ണിലെ ഈർപ്പവും ഭൂമിയുടെ ചെരിവും മഴയുടെ അളവും നിരീക്ഷിച്ച് ദുരന്തസാധ്യത മുൻകൂട്ടി അറിയിക്കുന്ന സംവിധാനവുമായി രണ്ടു വിദ്യാർഥികൾ. വരാപ്പുഴ ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂളിലെ ഇമ്മാനുവൽ റോയിയും ബ്ലെസൻ ബിജുവും വികസിപ്പിച്ച ഈ മാതൃകയ്ക്ക് പ്രത്യേകതയേറെ. സെൻസറുകളും കൺട്രോൾ യൂണിറ്റും ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്.
പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽ അസാധാരണ മഴ ലഭിച്ചാൽ മണ്ണിലെ ഈർപ്പം, ഭൂമിയുടെ ചെരിവ് തുടങ്ങിയ ഘടകങ്ങൾ സെൻസറുകൾ നിരീക്ഷിക്കും. ലഭിക്കുന്ന വിവരങ്ങൾ കൺട്രോൾ യൂണിറ്റ് വിശകലനം ചെയ്ത് അപകടസാധ്യത വിലയിരുത്തും. അപകടസാധ്യത കണ്ടെത്തിയാൽ ആവശ്യമായ മുന്നറിയിപ്പ് നൽകും. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പുലർത്താനും സമയബന്ധിതമായി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ഈ സംവിധാനം സഹായിക്കുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ.









0 comments