കേരളയിൽ എസ്എഫ്ഐ തരംഗം; തരിപ്പണമായി കെഎസ്‍യുവും എബിവിപിയും

തിരുവനന്തപുരം : കേരള സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല മുന്നേറ്റവുമായി എസ്എഫ്ഐ. സർവകലാശാലകളെ കാവിവത്കരിക്കുവാൻ ശ്രമിക്കുന്ന സംഘപരിവാർ ഭരണകൂടത്തിനും അതിനൊപ്പം നിന്ന എബിവിപിയും കെഎസ്‍യുവും അടക്കമുള്ള സംഘടനകൾക്കും എതിരെ നടത്തിയ പോരാട്ടത്തിൽ എസ്എഫ്ഐയ്ക്കൊപ്പമായിരുന്നു വിദ്യാർഥികളെന്ന് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. സർവകലാശാലക്ക് കീഴിൽ തിരഞ്ഞെടുപ്പ് നടന്ന 75 കോളേജുകളിൽ 65 കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ 45 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 34 കോളേജുകളിൽ 28 കോളേജുകളിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടി. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ 19 കോളേജുകളിൽ വിജയിച്ചിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് യൂണിയൻ കെഎസ്‍യുവിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു. തലസ്ഥാനത്തെ മിക്ക കോളേജുകളിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. കാട്ടാക്കട ക്രൈസ്റ്റ് നഗർ കോളേജ് യൂണിയൻ എബിവിപിയിൽ നിന്നുമാണ് തിരികെ പിടിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.
നിലമേൽ എൻഎസ്‌എസ് കോളേജ്
കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളിൽ 14 കോളേജുകളിൽ എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. കൊല്ലം എസ്‌എൻ, എസ്‌എൻ വനിത, കൊല്ലം എസ്‌എൻ ലോ, കൊല്ലം ടികെഎം, ചവറ ഗവ. കോളേജ്, കൊട്ടിയം എംഎം എൻഎസ്‌എസ്, കൊട്ടിയം എൻഎസ്‌എസ് ലോ, ചാത്തന്നൂർ എസ്‌എൻ, അഞ്ചൽ സെന്റ് ജോൺസ്, നിലമേൽ എൻഎസ്‌എസ്, കുണ്ടറ ഐഎച്ച്‌ആർഡി, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, പത്തനാപുരം അയ്യൻകാളി മൊമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ്, പുനലൂർ എസ്എൻ കോളേജ് എന്നിവിടങ്ങളിലാണ് എസ്‌എഫ്‌ഐ യൂണിയൻ നേടിയത്. നാമനിർദേശിക പത്രിക സമർപ്പണം പൂർത്തിയായപ്പോൾ പത്തുകോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജും കുണ്ടറ ഐഎച്ച്ആർഡി കോളേജും കെഎസ്‍യുവിൽ നിന്ന് തിരിച്ച് പിടിച്ചു. പുനലൂർ എസ്എൻ കോളേജ് എഐഎസ്എഫിൽ നിന്നും തിരിച്ചു പിടിച്ചു.
ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ്
ആലപ്പുഴ ജില്ലയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 19 ൽ 19 കോളേജുകളിലും വിജയക്കൊടി പാറിച്ചായിരുന്നു എസ്‌എഫ്‌ഐയുടെ മുന്നേറ്റം. നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ ജില്ലയിൽ 15 കോളേജിൽ എതിരില്ലാതെ വിജയിച്ചിരുന്നു. മാവേലിക്കര ഐഎച്ച്‌ആർഡി, അമ്പലപ്പുഴ ഗവ.കോളേജ് എന്നിവ രണ്ട് വർഷത്തിനുശേഷം കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. കടുത്ത മത്സരം നടന്ന കായംകുളം എംഎസ്‌എം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പിടിച്ചെടുത്തത്. കെഎസ്‌യു – എംഎസ്‌എഫ് സംഖ്യത്തെ പരാജയപ്പെടുത്തിയാണ് എംഎസ്‌എമ്മിൽ എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചത്. ചേർത്തല എൻഎസ്എസ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ, ചേർത്തല എസ്‌എൻ, ചേർത്തല ശ്രീനാരായണഗുരു സെൽഫ് ഫിനാൻസ്, ഹരിപ്പാട് ടികെഎം, കാർത്തികപ്പള്ളി ഐഎച്ച്‌ആർഡി, മാവേലിക്കര മാർ ഇവാനിയോസ് കോളേജ്, പെരിശേരി ഐഎച്ച്ആർഡി, ആല എസ്എൻ, ചെങ്ങന്നൂർ ക്രിസ്‌ത്യൻ, മാവേലിക്കര രവിവർമ, ആലപ്പുഴ എസ്ഡിവി, മാവേലിക്കര ബിഷപ് മൂർ കോളേജുകളിലാണ് എതിരില്ലാതെ വിജയിച്ചത്. ആലപ്പുഴ എസ്‌ഡി കോളേജിൽ ചെയർമാൻ, യുയുസി സീറ്റുകൾ കെഎസ്‍യുവിൽ നിന്ന് തിരിച്ചു പിടിച്ചുകൊണ്ട് മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. കായംകുളം ജി ക്ലാറിലും ചേർത്തല സെന്റ് മൈക്കിൾസിലും യൂണിയൻ നിലനിർത്തി. ആലപ്പുഴ ജില്ലയില്‍ ഒരിടത്തുപോലും കെഎസ്‍യു വിജയിച്ചില്ല.
പന്തളം എൻഎസ്എസ് കോളേജ്
പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് കോളേജുകളിൽ മുഴുവൻ കോളേജുകളിലും എസ്എഫ്ഐ വിജയം നേടി. പന്തളം എൻഎസ്എസ് കോളേജ്, എൻഎസ്എസ് ബി എഡ് കോളേജ് പന്തളം, ഐഎച്ച്ആർഡി അടൂർ, സെന്റ് സിറിൽസ് അടൂർ എന്നീ കോളേജുകളാണ് എസ്എഫ്ഐ വിജയക്കൊടി പാറിച്ചത്. മുമ്പ് കലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലും എസ്എഫ്ഐ സമ്പൂർണവിജയം നേടിയിരുന്നു.










0 comments