ad
Deshabhimani

print edition സിൻഡിക്കറ്റ്‌ യോഗത്തിൽ പ്രതിഷേധം; അജൻഡയല്ലാത്ത വിഷയങ്ങളിൽ ചട്ടവിരുദ്ധ തീരുമാനം

University.jpg

സർവകലാശാല ആസ്ഥാനത്ത്‌ ഇടതുപക്ഷ സിൻഡിക്കറ്റ്‌ അംഗങ്ങൾ 
പ്രതിഷേധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 14, 2026, 01:54 AM | 1 min read

തിരുവനന്തപുരം: അജൻഡയിൽ ഉൾപ്പെടുത്താത്ത വിഷയങ്ങളിൽ ചട്ടവിരുദ്ധ തീരുമാനം അടിച്ചേൽപ്പിക്കാനുള്ള വൈസ് ചാൻസലറുടെയും നോമിനേറ്റഡ് അംഗങ്ങളുടെയും നീക്കത്തിനെതിരെ കേരള സർവകലാശാല സിൻഡിക്കറ്റ് യോഗത്തിൽ പ്രതിഷേധം. ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ ഇടതുപക്ഷ അംഗങ്ങൾ വാക്കൗട്ട് ചെയ്ത്‌ പ്രതിഷേധിച്ചു.


സർവകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും ലംഘിച്ചുള്ള തീരുമാനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിസി യോഗം അവസാനിപ്പിച്ചു. മൂന്നുവർഷത്തേക്ക് യുജിസി നിയമിച്ച എംഎംടിടിസി പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറെ നിയമവിരുദ്ധമായി മാറ്റി ഇഷ്ടക്കാരെ നിയമിക്കാനും കാര്യവട്ടം ക്യാമ്പസിലെ കരാർ അധ്യാപകരെ പിരിച്ചുവിടാനുമുള്ള നീക്കം അംഗങ്ങൾ എതിർത്തു.


സംവരണതത്വം അട്ടിമറിച്ചുള്ള നിയമവിരുദ്ധ നടപടികൾ അക്കാദമിക്‌ പ്രതിസന്ധിക്കും നിയമക്കുരുക്കിനും ഇടയാക്കുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്ന് നിയമപരമായ പരിശോധനയ്ക്കു ശേഷം നടപടി മതിയെന്ന് സിൻഡിക്കറ്റ് തീരുമാനിച്ചു.


ജാതിയധിക്ഷേപം നേരിട്ട ദളിത് വിദ്യാർഥിക്ക് പിഎച്ച്ഡി ബിരുദം നൽകാനുള്ള റിസർച്ച് കമ്മിറ്റി തീരുമാനം സിൻഡിക്കറ്റിൽ അംഗീകരിക്കേണ്ടി വരുമെന്നായതോടെയാണ്‌ അജൻഡയിലില്ലാത്ത വിഷയം കൊണ്ടുവന്ന് യോഗം കുളമാക്കിയത്‌. സർവകലാശാല ജീവനക്കാരെയാകെ ആക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ സിൻഡിക്കറ്റ് അംഗം ആർ എസ്‌ ശശികുമാറിനെതിരെയും പ്രതിഷേധമുയർന്നു. ജീവനക്കാർ ജോലിയെടുക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. പുനഃസംഘടനയിലൂടെ യുഡിഎഫ്‌ നോമിനിയായാണ്‌ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ചെയർമാൻ ആർ എസ്‌ ശശികുമാർ സിൻഡിക്കറ്റിലെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home