കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്രഥമ വിസി കെ മോഹന്‍ദാസ് അന്തരിച്ചു

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ മോഹന്‍ദാസ് (81) ബംഗളൂരുവിലെ മകളുടെ വസതിയില്‍ അന്തരിച്ചു.
ആരോഗ്യ സര്‍വകലാശാലയില്‍ ഏറ്റവുമധികം കാലം വിസിയുടെ ചുമതലവഹിച്ചു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ രണ്ടാമത്തെ ഡയറക്ടറുമായിരുന്നു. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്റ്, കോമൺവെൽത്ത് യൂണിവേഴ്സിറ്റീസ് അസോസിയേഷൻ ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അനസ്‌തേഷ്യോളജി മേഖലയിലെ സംഭാവനകൾ പരിഗണിച്ച് യുകെ റോയല്‍ കോളേജ് ഫെലോ ഓഫ് റോയല്‍ കോളേജ് ഓഫ് അനസ്‌തറ്റിസ്റ്റ്സ് എന്ന ബഹുമതി നല്‍കി ആദരിച്ചു. ഇത് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.
വെള്ളി രാവിലെ ഒന്പതുമുതൽ 11 വരെ ശ്രീചിത്രയിൽ പൊതുദർശനത്തിന് വയ്‌ക്കും. ശ്രീകാര്യം മൺവിള പരുത്തിക്കുന്ന് റസിഡന്റ്‌സ് അസോസിയേഷൻ പിആർഎ 202 ‘മിറ’യിലെ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍.
വെല്ലൂര്‍ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽനിന്ന് അനസ്തേഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും മൈസൂര്‍ മെഡിക്കൽ കോളേജിൽനിന്ന് എംഡിയും നേടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫാക്കൽറ്റി അംഗമായിരിക്കെ, 1976ലാണ് ശ്രീചിത്രയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നത്. ശ്രീചിത്രയില്‍ 1976-ൽ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറി നടത്തിയപ്പോൾ ചീഫ് അനസ്‌തറ്റിസ്റ്റായിരുന്നു.
തുടർന്ന് അനസ്‌തേഷ്യ വിഭാഗം പ്രൊഫസറും തലവനുമായി. 1993ൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനും 1994-ൽ ഡയറക്ടറുമായി. കംപ്രഹെന്‍സീവ് സെന്റര്‍ ഫോര്‍ എപ്പിലപ്സി, കംപ്രഹെന്‍സീവ് സെന്റര്‍ ഫോര്‍ മൂവ്‌മെന്റ് ഡിസോര്‍ഡേഴ്സ്, എംപിഎച്ച് കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമുകള്‍ തുടങ്ങിയ പല പദ്ധതികളും മോഹന്‍ദാസിന്റെ കാലത്താണ് ശ്രീചിത്രയില്‍ തുടങ്ങിയത്. 15 വർഷത്തെ സേവനത്തിനുശേഷം 2009 ജൂലൈ 31നാണ് വിരമിച്ചത്.
ഭാര്യ: ഡോ. ഇന്ദിര മോഹൻദാസ് (ഗൈനക്കോളജിസ്റ്റ്, സൗദി അറേബ്യ). മക്കൾ: ഡോ. രാധിക റാം മനോഹർ (ബംഗളൂരു), ഡോ. അരവിന്ദ് നാരായൺ മോഹൻദാസ് (യുഎസ്‌എ). മരുമക്കൾ: ഡോ. റാം മനോഹർ (ബംഗളൂരു), ഡോ. ദീപിക (യുഎസ്‌എ).









0 comments