കീഴെ ആറുള്ള ഊര്

കീഴാറൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ
അഖിലേഷ് ആനാവൂർ
Published on Nov 02, 2026, 11:41 PM | 1 min read
നെയ്യാറിന്റെ കാര്‍ഷിക ചരിത്രത്തെ പേരിനോട് ചേര്‍ത്തുവച്ചൊരു നാട്. പഴമക്കാര്‍ "കീഴെ ആറുള്ള ഊര്' എന്ന് വിളിച്ചിരുന്ന നാട് ക്രമേണ കീഴാറൂരായി. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമൊപ്പം നവോത്ഥാന മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച കീഴാറൂര്‍ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലവുമാണ്. ചാമുണ്ഡിയും പൂതത്താനും ഇടമലത്തേവരുമെല്ലാം കാവൽനിന്ന മണ്ണ് ആണെന്നത് നാടിന്റെ ഐതിഹ്യങ്ങളിലൊന്ന്. ധനുമര പൂജപോലുള്ള ദ്രാവിഡ ആരാധനാ സമ്പ്രദായങ്ങൾ അടുത്തകാലംവരെ ഇവിടെ നിലനിന്നിരുന്നു. കുരുതി, പന്തം, തെള്ളി, വെളിച്ചപ്പാട് തുള്ളൽ എന്നിവ കാവടയാളങ്ങളുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു. കാവുകളുമായി ബന്ധപ്പെട്ട "തെള്ളുക്കുഴി' എന്ന സ്ഥലനാമം ഇന്നും ഈ പൈതൃകത്തിന്റെ ഓർമപ്പെടുത്തലാണ്. കുടിപ്പള്ളിക്കൂടങ്ങളായിരുന്നു കീഴാറൂരിൽ അക്ഷരവെളിച്ചം പകർന്നത്. കീഴാറൂർ ജങ്ഷന് സമീപം നീർമാലിക്കുന്നിന്റെ താഴ്വരയിൽ 1881ൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരാണ് കുടിപ്പള്ളിക്കൂടത്തെ "സർക്കാർ എൽ പി സ്കൂൾ' ആയി ഉയർത്തിയത്. ഒട്ടേറെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണ് കലാകാരന്മാരുടെ നാടുകൂടിയാണ്. സീതകളി, ഐവർകളി, കുമ്മിക്കളി, കണിയാൻപാട്ട്, നന്തുണിപാട്ട് തുടങ്ങിയ തനതായ നാടോടി കലാരൂപങ്ങളും കീഴാറൂരിന്റെ സവിശേഷതയാണ്. ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ പാണ്ഡവർ പാടിക്കളിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന "ഐവർകളി' കീഴാറൂരില്‍ സജീവമാണ്. രാമകഥാപാട്ടിന് താളം പിടിക്കാൻ ഉപയോഗിച്ചിരുന്ന "ചന്ദ്രവളയം' എന്ന വാദ്യോപകരണം അടുത്തകാലത്ത് പുരാവസ്തുവകുപ്പ് ഇവിടെനിന്ന് കണ്ടെടുത്തിരുന്നു.









0 comments