Deshabhimani

പൊന്നാനിയിലെ കടൽഭിത്തി നിർമാണം

എംഎൽഎയുടെ യു ടേൺ

a
വെബ് ഡെസ്ക്

Published on Nov 03, 2026, 12:29 AM | 1 min read

സ്വന്തം ലേഖകൻ

പൊന്നാനി

പൊന്നാനിയിലെ കടൽഭിത്തി നിർമാണത്തിൽ മലക്കംമറിഞ്ഞ് കെ പി നൗഷാദലി എംഎൽഎ. ഒരുമാസത്തിനകം കടൽഭിത്തി നിർമിക്കുമെന്ന് പറഞ്ഞ എംഎൽഎ നാല് മാസം പിന്നിട്ടപ്പോൾ നിലപാട്‌ മാറ്റി. സ്വകാര്യ കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അടുത്ത മഴക്കാലത്തും അതുണ്ടാവില്ലെന്ന് എംഎൽഎ പറയുന്നു. ​എഡിബി സഹായത്തോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആരംഭിച്ച ചെല്ലാനം മോഡൽ ടെട്രാപോഡ് പദ്ധതിയുടെ 80 ശതമാനം നടപടികൾ പൂർത്തീകരിച്ചതാണെന്നും എഡിബി പദ്ധതിയുള്ളതിനാൽ സിഎസ്ആർ ഫണ്ട് ലഭിച്ചില്ലെന്നുമാണ് എംഎൽഎ ഇപ്പോൾ പറയുന്നത്. ഇതോടെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന എഡിബി പദ്ധതിക്ക് പകരം പുതിയ പദ്ധതിയുണ്ടാകില്ലെന്ന്‌ ഉറപ്പായി. എംഎൽഎ വാക്കുമാറ്റിയെങ്കിലും കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമായി എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച ചെല്ലാനം മോഡൽ കടൽഭിത്തി പദ്ധതിയെങ്കിലും പൂർത്തീകരിക്കണമെന്നാണ് നാടിന്റെ ആവശ്യം. എഡിബി പദ്ധതി യാഥാർഥ്യമായാൽ എൽഡിഎഫ് സർക്കാരിന്‌ നേട്ടമാകുമെന്ന ചിന്തയിലാണ് പുതിയ പദ്ധതിയുമായി എംഎൽഎ മുന്നോട്ടുവന്നത്. എന്നാൽ അത്‌ നടക്കില്ലെന്ന്‌ ഉറപ്പായതോടെ എഡിബി അല്ലങ്കിൽ സ്വന്തം നിലയിലുള്ള പദ്ധതി എന്ന പ്രസ്‌താവനയുമായി എംഎൽഎ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ്‌. പൊന്നാനിയുടെ നീണ്ടകാലത്തെ ആവശ്യത്തെ തുടർന്നാണ് തീരം കാക്കാൻ ചെല്ലാനം മോഡൽ ടെട്രാപോഡ് പദ്ധതിക്ക് എൽഡിഎഫ് സർക്കാർ രൂപംനൽകിയത്. എഡിബി സംഘം പൊന്നാനിയിലെത്തി തീരനിവാസികളോട് ടെട്രാപോഡ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കുകയും പദ്ധതി നടപ്പാക്കാൻ മത്സ്യതൊഴിലാളികളുടെ അഭിപ്രായവും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്തെ പത്ത് ഹോട്ട് സ്പോട്ടുകളിലൊന്നായ പൊന്നാനിയുടെ തീരം കടലെടുക്കുന്നത് തടയാൻ ശാശ്വത പരിഹാരമാണ്‌ ടെട്രാപോഡ് പദ്ധതി. പൊന്നാനി അഴിമുഖംമുതൽ പെരുമ്പടപ്പിലെ പാലപ്പെട്ടിവരെയുള്ള പതിനൊന്നര കിലോമീറ്റർ തീരത്താണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര ഏജൻസിയായ എൻസിസിആർ ആണ് സാധ്യതാ പഠനം നടത്തി ഡിസൈൻ തയ്യാറാക്കിയത്. 400 കോടിയാണ് പ്രതീക്ഷിത ചെലവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home