ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് പക വിദ്യാർഥികളോട്

മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെതിരെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത കോളേജ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെ സസ്പെൻഡ് ചെയ്ത കോളേജ് കൗൺസിൽ തീരുമാനത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുന്നു
കൊച്ചി
കാലടി സർവകലാശാല വിദ്യാർഥികളോടുള്ള പകപോക്കലിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥികൾക്കുനേരെയും ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സങ്കുചിത രാഷ്‌ട്രീയവൈരം. കാലടിയിലെ വിദ്യാർഥികൾക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചതിന് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മഹാരാജാസിലെ രണ്ട് വിദ്യാർഥികളെ തിങ്കളാഴ്‌ച സസ്‌പെൻഡ് ചെയ്‌തത്. കാലടിയിൽ മന്ത്രി റോജി എം ജോൺ നടത്തിയ നുണപ്രചാരണത്തിന്റെ ചുവടുപിടിച്ചാണ് വൈസ് ചാൻസലർ വിദ്യാർഥിദ്രോഹം തുടരുന്നത്.
മന്ത്രിയുടെ ആവശ്യത്തിന് വഴങ്ങിയാണ് മഹാരാജാസ് കോളേജ് കൗൺസിലിന്റെയും നടപടി. കാലടി സർവകലാശാലയിൽ രണ്ടുമാസത്തിലേറെയായി നടക്കുന്ന വിദ്യാർഥിസമരം, ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായിട്ടുപോലും അവഗണിക്കുന്നതിനെയാണ് കഴിഞ്ഞ ദിവസം മഹാരാജാസിലെ വിദ്യാർഥികൾ ചോദ്യംചെയ്‌തത്. ബിരുദദാനച്ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയായിരുന്നിട്ടും വിദ്യാർഥികൾ തെരഞ്ഞെടുത്ത യൂണിയൻ വൈസ് ചെയർപേഴ്‌സൺമാത്രമാണ് വേദിയിൽക്കയറി പ്രതിഷേധമറിയിച്ചത്.
‘ഇതുപോലെ, അടുത്ത വർഷമോ, അതിനടുത്ത വർഷമോ കോൺവൊക്കേഷനിൽ പങ്കെടുക്കേണ്ട വിദ്യാർഥികളാണ് കാലടിയിൽ പുറത്തുനിൽക്കുന്നത്’ എന്നോർപ്പിക്കുകമാത്രമാണ് വിദ്യാർഥികൾ ചെയ്‌തത്. രണ്ടുമാസത്തിലേറെയായി വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടുള്ളത് എന്തിനാണെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. പകരം, നിലവാരംകുറഞ്ഞ രാഷ്‌ട്രീയവെല്ലുവിളി നടത്തി അദ്ദേഹം വേദിവിട്ടു. എന്നിട്ടും വിരോധം തീരാത്ത മന്ത്രി പിറ്റേന്ന് എറണാകുളം ഗസ്‌റ്റ് ഹൗസിൽ വാർത്താസമ്മേളനം വിളിച്ചും തന്റെ ഭാഗം ന്യായീകരിച്ചു. കാലടിയിലെ വിദ്യാർഥിസമരം അപരിഷ്‌കൃതമാണെന്ന് ആവർത്തിച്ചു. മഹാരാജാസിലെ ചടങ്ങിൽ വിദ്യാർഥിപ്രതിഷേധത്തോട് മന്ത്രി സ്വീകരിച്ച നിലപാട് വ്യാപക വിമർശത്തിന് കാരണമായിട്ടുണ്ട്. മന്ത്രിയുടെ പക്വതയില്ലാത്ത പ്രതികരണത്തെ വിമർശിച്ച് പ്രമുഖരുൾപ്പെടെ സമൂഹമാധ്യമത്തിൽ രംഗത്തുവന്നു.






0 comments