Deshabhimani

രക്തസാമ്പിൾ ശേഖരണം

ഏകപക്ഷീയ ഉത്തരവിനെതിരെ നഴ്‌സുമാരുടെ പ്രതിഷേധം

 Nurses' Protest

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധ യോഗം കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 11:37 PM | 1 min read

 തിരുവനന്തപുരം

ആശുപത്രികളിൽ കിടത്തിച്ചികിത്സയുള്ള രോഗികളുടെ രക്തസാമ്പിൾ ശേഖരണവുമായി ബന്ധപ്പെട്ട് ഏകപക്ഷീയ ഉത്തരവ്‌ പുറപ്പെടുവിച്ച സർക്കാർ നടപടിക്കെതിരെ കേരള ഗവ. നഴ്‌സസ് അസോസിയേഷൻ നേതൃത്വത്തിൽ നഴ്‌സുമാർ പ്രതിഷേധിച്ചു. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട ആശുപത്രികൾക്കു മുന്നിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. ലാബ് ടെക്‌നീഷ്യൻമാർ നിർവഹിച്ചിരുന്ന രക്തസാമ്പിൾ ശേഖരണം ഇനിമുതൽ നഴ്‌സുമാർ ചെയ്യണമെന്നാണ്‌ സർക്കാരിന്റെ പുതിയ ഉത്തരവ്‌. നഴ്‌സുമാരുടെ കുറവ് വലിയ തോതിൽ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് ജോലിഭാരം കുത്തനെ വർധിപ്പിക്കുന്ന നടപടി. എൻഎച്ച്എം മുഖേന നിയമിതരായ താൽക്കാലിക നഴ്‌സുമാരിൽ പലരെയും പിരിച്ചുവിടുകയും ചെയ്തു. സർവീസ് സംഘടനകളുമായി ചർച്ച നടത്തി എല്ലാവിഭാഗം ജീവനക്കാരുടെയും ജോലിയും ഉത്തരവാദിത്വവും സംബന്ധിച്ച സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഒരു തരത്തിലുമുള്ള കൂടിയാലോചന നടത്താതെയാണ്‌ സർക്കാർ അതിൽ മാറ്റംവരുത്തിയത്. നടപടി നഴ്‌സുമാരുടെ ജോലിഭാരം വർധിപ്പിക്കുന്നതിനൊപ്പം രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തെയും ബാധിക്കും. ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിലുള്ള വിശ്വാസം നഷ്‌ടപ്പെടാനും ഇത്‌ ഇടയാക്കും. ഇക്കാര്യം പരിഗണിച്ച്‌ സർക്കാർ അടിയന്തരമായി ഉത്തരവ് പിൻവലിക്കണമെന്ന് കെജിഎൻഎ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധ യോഗം കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഗീതകുമാർ അധ്യക്ഷയായി. സെക്രട്ടറി സുഷമ, ട്രഷറർ എൽ ടി സുനിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home