print edition കേരള സർവകലാശാല: രാഷ്ട്രീയനിരോധന നീക്കം അംഗീകരിക്കില്ല: ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ

തിരുവനന്തപുരം: അക്കാദമിക -രാഷ്ട്രീയപ്രവർത്തനം വിദ്യാർഥികളുടെ വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗം തന്നെയാണെന്ന് അറിയാത്തവരാണ് സർവകലാശാലകളിൽ രാഷ്ട്രീയനിരോധനമെന്ന ആശയത്തിന്റെ പ്രചാരകരായി രംഗത്തെത്തുന്നതെന്ന് കേരള സർവകലാശാലയിലെ ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ പറഞ്ഞു. രാഷ്ട്രീയത്തെ സർഗാത്മകമാക്കാൻ കഴിവുള്ളത് വിദ്യാർഥികൾക്കാണ്.
രാജ്യത്തിന്റെ രാഷ്ട്രീയമുന്നേറ്റത്തിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയെന്നത് വിദ്യാർഥികളുടെ കടമയാണെന്ന് പറഞ്ഞത് ഗാന്ധിജിയാണ്. നാടിന്റെ ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും വിദ്യാർഥികളെയും ബാധിക്കുമെന്നിരിക്കെ വിദ്യാർഥികൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറയുന്നവരുടെ താൽപ്പര്യം സങ്കുചിതമാണ്. സർവകലാശാലയിലേക്ക് രാഷ്ട്രീയക്കാർ വരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുന്ന സർവകലാശാല അധികാരികൾവരെ രാഷ്ട്രീയനിയമനമാണ് നേടിയിരിക്കുന്നതെന്ന യാഥാർഥ്യവും കാണണം. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് മുഖം തിരിച്ച് കേരളത്തിലെ ഒരു സര്‍വകലാശാലക്കും മുന്നോട്ടുപോകാനാകില്ല.
രാഷ്ട്രീയനിരോധനം സംബന്ധിച്ച കരട് റിപ്പോർട്ട് സിൻഡിക്കറ്റ് സബ്കമ്മിറ്റിയിൽ എത്തിയപ്പോൾ ഇടത് സിൻഡിക്കറ്റംഗങ്ങൾ ശക്തമായി എതിർത്തതിനെ തുടർന്ന് വിശദമായ ചർച്ചയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു. വിദ്യാർഥികളുടെ ജനാധിപത്യാവകാശം ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്ന് ഡോ. എസ് നസീബ്, ഡോ. ടി ആർ മനോജ്, ഡോ. കെ റഹീം, ഡോ. എൻ പ്രമോദ്, പ്രൊഫ. വി മനോജ്, ഡി എൻ അജയ് എന്നിവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.










0 comments