Deshabhimani

കേരള സർവകലാശാല കോൺവൊക്കേഷൻ ബഹിഷ്കരിക്കും; പ്രതിഷേധവുമായി ഇടത് സെനറ്റ് അംഗങ്ങൾ

kerala university
വെബ് ഡെസ്ക്

Published on Oct 24, 2026, 03:56 PM | 2 min read

തിരുവനന്തപുരം : കേരള സർവകലാശാലയിലെ കോൺവൊക്കേഷനിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇടതുപക്ഷ സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ അറിയിച്ചു. സർവകലാശാലയിലെ അക്കാദമിക - ഭരണ പ്രതിസന്ധികൾ പരിഹരിക്കുക എന്ന ആവശ്യമുയർത്തിയും, വൈസ് ചാൻസലറുടെ രാഷ്ട്രീയപ്രേരിത നിലപാടുകളിൽ പ്രതിഷേധിച്ചുമാണ് തീരുമാനം. ഒക്ടോബർ 26നാണ് സർവകലാശാലയിൽ കോൺവൊക്കേഷൻ നടക്കുന്നത്.


ജനാധിപത്യ മാതൃകയാകേണ്ട സർവകലാശാല പോലുള്ള സ്ഥാപനങ്ങളിൽ ജനാധിപത്യവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ ഭരണനടപടികളാണ് അരങ്ങേറുന്നതെന്ന് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ മഹത്തായ മാതൃസർവകലാശാലയിൽ മുഴുവൻ സമയ വൈസ് ചാൻസലറോ പ്രോ-വൈസ് ചാൻസലറോ സ്ഥിരമായ മറ്റ് സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരോ ഇല്ലാത്ത സാഹചര്യം ദീർഘകാലമായി തുടരുകയാണ്. കൃത്യമായ നേതൃത്വത്തിന്റെ അഭാവം സർവകലാശാലയുടെ പ്രവർത്തനങ്ങളിലുണ്ടാക്കുന്ന പ്രതിസന്ധി രൂക്ഷമാണ്.


അക്കാദമിക മികവിനും യോഗ്യതയ്ക്കും പരിഗണന നൽകാതെ, രാഷ്ട്രീയ താല്‌പര്യാർഥം ഇഷ്ടക്കാരെ പ്രധാന അക്കാദമിക സമിതികളിൽ തിരുകി കയറ്റുകയാണ്. സർവകലാശാല സിൻഡിക്കേറ്റിനെ നോക്കുകുത്തിയാക്കി യു ഡി എഫി - ബി ജെ പി കൂട്ടുകെട്ടാണ് നിയമവിരുദ്ധമായി സർവകലാശാലയുടെ ഭരണം നിയന്ത്രിക്കുന്നതെന്നും അം​ഗങ്ങൾ ചൂണ്ടിക്കാണിച്ചു. ഇല്ലാത്ത ചടങ്ങുകളും രാഷ്ട്രീയതാല്പര്യാർത്ഥമുള്ള നടപടികളും സർവ്വകലാശാലയ്ക്കുമുകളിൽ അടിച്ചേല്‌പിക്കുകയാണ്. നയപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ട സെനറ്റും സിൻഡിക്കേറ്റും പേരിനു മാത്രമായി ഒതുങ്ങുന്നു.


മാനദണ്ഡങ്ങൾ ലംഘിച്ചും രാഷ്ട്രീയ പ്രതികാരബുദ്ധിയോടെയും അനധ്യാപക ജീവനക്കാരെ തുടർച്ചയായി സ്ഥലംമാറ്റുന്ന നടപടികൾ തുടരുകയാണ്. അക്കാദമിക - ഭരണ വിഭാഗങ്ങളിലും പരീക്ഷ പോലുള്ള നിർണായക വിഭാ​ഗങ്ങളിലും വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ ജീവനക്കാരെ സ്ഥലംമാറ്റുന്നത് ഉചിതമല്ലെന്ന് ബന്ധപ്പെട്ട സംഘടനകൾ പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.


സർവകലാശാലയുടെ അക്കാദമിക, ഗവേഷണ, പഠന മേഖലകൾ സ്തംഭനാവസ്ഥയിലാണെന്നും പുതിയ അക്കാദമിക-ഗവേഷണ പദ്ധതികൾ ബജറ്റിൽ ഉറങ്ങുകയാണെന്നും അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർഥികളുടെ ജനാധിപത്യവേദികളുടെ പ്രവർത്തനങ്ങൾക്കുപോലും തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. പുതിയതായി ഏർപ്പെടുത്തിയ ഔദ്യോഗിക നടപടിക്രമങ്ങളുടെ പേരിൽ സർവകലാശാലാ യൂണിയന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതും കോൺവൊക്കേഷൻ ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പോലും വിദ്യാർഥികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും സർവ്വകലാശാലയ്ക്ക് ഭൂഷണമല്ല.


സർവകലാശാലയുടെ അക്കാദമിക നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും അവഗണിക്കുന്ന രാഷ്ട്രീയപ്രേരിത നടപടികൾക്ക് വൈസ് ചാൻസലർ തന്നെനേതൃത്വം നൽകുകയാണ്. വൈസ് ചാൻസലർ ഉയർത്തിപ്പിടിക്കേണ്ട ജനാധിപത്യ നിഷ്പക്ഷതയും രാഷ്ട്രീയാതീതമായ നിലപാടും ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.


രാഷ്ട്രീയവിവാദങ്ങൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നതിനുമപ്പുറം സർവകലാശാലയുടെ അക്കാദമിക ഭാവിക്കും ഗവേഷണ പുരോഗതിക്കും മുൻഗണന നൽകാൻ സർവ്വകലാശാല ഭരണകൂടത്തിന് കഴിയുന്നില്ല. ഇത്തരത്തിൽ സർവകലാശാലയുടെ ഭാവിയെ പ്രതിസന്ധിയിലാക്കുന്ന അക്കാദമിക, ഭരണനടപടികളിൽ പ്രതിഷേധിച്ചാണ് ഒക്ടോബർ 26ലെ കോൺവൊക്കേഷനിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ഇടതുപക്ഷ സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home