print edition ഓണാഘോഷവും സമരമാക്കി വിദ്യാർഥികൾ; അടിച്ചമർത്താൻ അധികൃതർക്ക് പൊലീസ് തുണ

വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ മുഖത്ത് പ്രതീകാത്മകമായി പൊട്ട് കുത്തുന്ന വിദ്യാർഥികൾ
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജുകളിലെ എൽഎൽബി മൂല്യനിർണയ അപാകതകൾക്കും വിദ്യാർഥിവിരുദ്ധ നടപടികൾക്കുമെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം മൂന്നാം ദിവസവും സർവകലാശാലാ ആസ്ഥാനത്ത് തുടരുന്നു.
സമരത്തിന്റെ ഭാഗമായി കോളേജുകളിൽ ഓണാഘോഷങ്ങൾ ഒഴിവാക്കി നിയമ വിദ്യാർഥികൾ സർവകലാശാലാ ആസ്ഥാനത്ത് വേറിട്ട രീതിയിൽ ഓണം ആഘോഷിച്ച് പ്രതിരോധം തീർത്തു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ "മുഖത്ത്' പ്രതീകാത്മകമായി പൊട്ട് കുത്തുന്ന വ്യത്യസ്ത പ്രതിഷേധവും അരങ്ങേറി.
സമരപ്പന്തലിൽ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃകയിൽ പൂക്കളമിട്ടു. ഓണപ്പാട്ടുകൾ പാടിയും തിരുവാതിര കളിച്ചും നാടൻ ഓണക്കളികളാലും പായസമുണ്ടാക്കിയും വിദ്യാർഥികൾ സർവകലാശാലാ ആസ്ഥാനത്ത് പ്രതിഷേധത്തിൽ ഭാഗമായി. രജിസ്ട്രാറുടെ പരാതിയിൽ, സമാധാനപരമായി ഓണം ആഘോഷിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.
പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ സർവകലാശാലാ അധികൃതർ ശ്രമിക്കുകയുംചെയ്തു. സമരവും പ്രതിഷേധവും ഒരാഴ്ച പിന്നിടുമ്പോഴും വിദ്യാർഥി പ്രശ്നങ്ങൾ കേൾക്കാൻ വൈസ് ചാൻസലർ ഇതുവരെ തയ്യാറായിട്ടില്ല.
വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി സമരം ഒതുക്കാമെന്ന വിസിയുടെ വ്യാമോഹം വിലപ്പോകില്ലെന്നും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.










0 comments