കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ വിജയാഹ്ലാദത്തിനിടെ കെഎസ്‍യു സംഘർഷം

പാളയത്തുണ്ടായ സംഘര്‍ഷം
തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ സംഘർഷവുമായി കെഎസ്‍യു. യൂണിയൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദ പ്രകടനം തിരുവനന്തപുരം പാളയത്തെത്തിയപ്പോഴായിരുന്നു വലിയ രീതിയിലുള്ള സംഘർഷം ഉടലെടുത്തത്.
എസ്എഫ്ഐ വിജയ ചരിത്രം ആവർത്തിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ കെഎസ്‌യു പ്രവർത്തകർ ബോധപൂർവ്വം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് എ എ റഹീം എംപി പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിന് നേരെ കല്ലെറിയുകയും പ്രവർത്തകരെ മർദ്ദിക്കുകയുമായിരുന്നുവെന്ന് എ എ റഹീം പറഞ്ഞു. എന്നാൽ അക്രമികളെ നേരിടുന്നതിന് പകരം പൊലീസ് ഇരകളായ എസ്എഫ്ഐ പ്രവർത്തകരെ മാത്രം തെരഞ്ഞുപിടിച്ച് ലാത്തിവീശുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"പൊലീസ് ഞങ്ങളെ മാത്രം അടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഈ രീതി ഈ നാട്ടിൽ കഴിഞ്ഞ പത്ത് വർഷമായി നടന്നിട്ടില്ലാത്ത ഒന്നാണ്. പൊലീസ് ഇത്തരത്തിൽ ഏകപക്ഷീയമായാണ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾ കാണിക്കുന്ന ഈ മര്യാദയും സഹകരണവും ഇതോടെ അവസാനിപ്പിക്കും" - റഹീം പറഞ്ഞു.
പാളയത്തെ സംഘർഷാവസ്ഥ ക്ഷണിച്ചുവരുത്തിയത് പൊലീസ് കൂടിയാണെന്ന് റഹീം ആരോപിച്ചു. കേവലം ഒരു ലാത്തിച്ചാർജ് ഏറ്റാൽ ഭയന്ന് പിരിഞ്ഞുപോകുന്നവരല്ല എസ്എഫ്ഐ പ്രവർത്തകരെന്നും നീതിപൂർവമായ രീതിയിലല്ല പൊലീസ് പെരുമാറുന്നതെങ്കിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments