print edition കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ്: പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 2008ലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസ് 18 വർഷത്തിനുശേഷം പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ. സർവകലാശാലകൾ സംഘപരിവാർ അജൻഡകൾക്ക് കീഴടങ്ങിയതിൽ വലിയ വിമർശം നേരിടവേയാണ് യുഡിഎഫ് സർക്കാരിന്റെ നീക്കം. ജീവനക്കാർക്ക് അനുകൂലമായ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ കെഎസ്യു–യൂത്ത് കോൺഗ്രസ് നേതാവായ അന്നത്തെ സെനറ്റ് അംഗവും ഒരു ഉദ്യോഗാർഥിയും നൽകിയ അപ്പീലുകൾ അടുത്തിടെ പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിജിലൻസ് കേസ് വീണ്ടും സജീവമാക്കുന്നത്.
ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരിക്കെ 2005ലാണ് പരീക്ഷ നടന്നത്. യുഡിഎഫ് സിൻഡിക്കറ്റാണ് പരീക്ഷാ നടത്തിപ്പിന് ചുക്കാൻ പിടിച്ചത്. എൽഡിഎഫ് സർക്കാരിന്റെ ഘട്ടത്തിൽ 2007ൽ അഭിമുഖവും 2008ൽ നിയമനവും നടന്നു. നിയമനം നേടിയ 188 പേരിൽ കോൺഗ്രസ്, ബിജെപി, ഇടതുപക്ഷ സംഘടന അംഗങ്ങൾ തുടങ്ങിയവരെല്ലാം ഉൾപ്പെട്ടു. പലരും വിരമിച്ചു. നിയമനത്തിൽ അഴിമതി ആരോപിച്ച് അന്നത്തെ സെനറ്റ് അംഗം ലോകായുക്തയിലും ഉദ്യോഗാർഥി ഹൈക്കോടതിയിലും കേസ് നൽകി. ഒൗദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് നിരീക്ഷിച്ച് നിയമനം പുനഃപരിശോധിക്കാൻ 2005ൽ ലോകായുക്ത ആവശ്യപ്പെട്ടു. ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. നിയമനം ശരിവച്ച് സിംഗിൾ ബെഞ്ചിൽനിന്ന് 2017ൽ ജീവനക്കാർക്ക് അനുകൂല വിധിയുണ്ടായി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ മുൻ വിസി, പിവിസി, രജിസ്ട്രാർ, നാല് സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ നടപടി നീക്കം സജീവമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണ ഭാഗമായി എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘം പരിശോധന നടത്തിയെങ്കിലും പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. പരീക്ഷ നടത്തിപ്പിനും ഒഎംആർ ഷീറ്റുകൾ ഹൈദരാബാദിലേക്ക് അയച്ച് മൂല്യനിർണയം നടത്താനും നേതൃത്വം നൽകിയത് യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ട സിൻഡിക്കറ്റാണ്. ആ ഘട്ടത്തിലുള്ള വീഴ്ച പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണവും കുറ്റപത്രവും സമർപ്പിക്കുന്നതും.









0 comments