print edition കേരള സർവകലാശാല പ്രത്യേക ബിരുദദാനം 26ന്

തിരുവനന്തപുരം: കേരള സർവകലാശാല 26ന് സംഘടിപ്പിക്കുന്ന സ്‌പെഷ്യൽ കോൺവൊക്കേഷനിൽ നാല് പ്രമുഖ വ്യക്തികൾക്ക് ഓണററി ബിരുദം സമ്മാനിക്കും. ഡോ. കെ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി എസ്‌സി) ബിരുദം നൽകും. നടൻ മധു, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, ഒളിമ്പ്യൻ പി ആർ ശ്രീജേഷ് എന്നിവർക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി ലിറ്റ്) ബിരുദം നൽകും. ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഓണററി ബിരുദങ്ങൾ സമ്മാനിക്കും. ശനിയാഴ്‌ച ചേർന്ന സിൻഡിക്കറ്റ് യോഗമാണ് തീരുമാനമെടുത്തത്. 2025-ൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഗവേഷകർക്കും സർവകലാശാല റാങ്ക് ജേതാക്കൾക്കും പേറ്റന്റ് ജേതാക്കൾക്കും ബിരുദങ്ങൾ നൽകാൻ നവംബറിൽ പ്രത്യേക ബിരുദദാനച്ചടങ്ങ് നടത്തും.
ശതാബ്ദി ആഘോഷം
കേരള സർവകലാശാല @90, കേരള സർവകലാശാല @100 പദ്ധതികളും പ്രത്യേക സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്തു. 2037-ലെ സർവകലാശാലയുടെ ശതാബ്ദിയിലേക്കുള്ള 10 വർഷത്തെ വികസന പരിപാടിയാണ് വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരത്തെ പ്രമുഖ അക്കാദമിക -ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ആഗോള പൂർവവിദ്യാർഥി ശൃംഖല കൂടുതൽ സജീവമാക്കാനും ദീർഘകാല വികസനത്തിനുള്ള സമഗ്രമായ രൂപരേഖ തയ്യാറാക്കാനും തീരുമാനിച്ചു.









0 comments