സർവ 'കാവി'ശാല

പുതുകാലത്തിനൊപ്പം കുതിക്കാൻ യുവതലമുറയെ പ്രാപ്തരാക്കുകയെന്ന ദൗത്യം ഏറ്റെടുക്കേണ്ട കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല പിൻനടത്തത്തിലാണ്. സംഘപരിവാർ ആശയപദ്ധതികൾക്ക് വേരാഴ്‌ത്താൻ സർവകലാശാലകളെ വിട്ടുകൊടുത്ത് നോക്കുകുത്തിയായി യുഡിഎഫ് സർക്കാർ. രാജ്യത്ത് വിഭജന, വിദ്വേഷ ആശയങ്ങൾ പടരുമ്പോൾ എതിർ ശബ്‌ദമുയർത്തേണ്ട ഐക്യകേന്ദ്രങ്ങളാണ് കലാലയങ്ങൾ. രാജ്യത്തെ ഏകശിലാത്മകമാക്കാൻ ലക്ഷ്യമിടുന്ന ആർഎസ്‌എസ്, ബഹുസ്വരതയെ തകര്‍ക്കപ്പെടേണ്ട വെല്ലുവിളിയായാണ് കാണുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവ് തകർത്താൽ കാര്യം എളുപ്പമാകുമെന്നും കണക്കുകൂട്ടുന്നു. കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തിയായ ഗവർണറെ ഉപയോഗിച്ച് ആ അജൻഡകൾ കേരളത്തിലെ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാനാണ് നിരന്തര ശ്രമം.
‘ഗവർണറോട് ഗുസ്‌തിപിടിക്കാനില്ലെ’ന്ന് നിലപാട് പ്രഖ്യാപിച്ച് മോദി സർക്കാരിനെ പിന്തുണയ്‌ക്കുന്ന സന്ദേശമാണ് യുഡിഎഫ് സർക്കാർ പരസ്യപ്പെടുത്തിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർവൽക്കരണം അനാവരണംചെയ്യുന്ന സർവ‘കാവി’ശാല ഇന്നുമുതൽ. തയ്യാറാക്കിയത് വിവിധ ബ്യൂറോകൾ.
യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം മഹാത്മഗാന്ധി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും വൈസ് ചാൻസലർമാരായി സംഘപരിവാർ അധ്യാപക സംഘടനാ നേതാക്കളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമിച്ചു. വിവിധ സർവകലാശാലകളിൽ സെനറ്റും സിൻഡിക്കറ്റും മുതൽ അക്കാദമിക നിലവാരം ഉറപ്പാക്കാനുള്ള ആഭ്യന്തര സമിതിയിൽവരെ സംഘപരിവാറുകാരെ കുത്തിനിറച്ചു. പഠന വകുപ്പുകളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖ പാനലിലെ വിഷയവിദഗ്ധരായി സംഘപരിവാർ അനുകൂലികൾ കടന്നുകയറി. ഇതിനെല്ലാം വിസിമാരെ ഗവർണർ ഉപയോഗപ്പെടുത്തി. ആർഎസ്‌എസ് വേദികളിലെ സ്ഥിരസാന്നിധ്യമായി വിസിമാർ മാറി. അധിക്ഷേപ പരാമർശങ്ങളിലേക്കും സംഘപരിവാർ പ്രീണന പ്രതികരണങ്ങളിലേക്കും തരംതാണു.
സർവകലാശാലകളിൽ ഗവർണർക്ക് ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ളതല്ല ചാൻസലർ പദവി. നിയമസഭാ ആക്ട് പ്രകാരമാണ് ആ അധികാരം ലഭിക്കുന്നത്. സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായി സംഘപരിവാർ ആശയ നടത്തിപ്പുകാരാകുന്ന ഗവർണർമാരെ ചാൻസലർ പദവിയിൽനിന്ന് അകറ്റിനിർത്തണം. ആരിഫ് മൊഹമ്മദ് ഖാൻ ഗവർണറായിരിക്കുന്പോൾ മുതൽ ഇത്തരം അജൻഡകളെ ശക്തമായി എതിർക്കുന്നതിലും പ്രതിരോധിക്കുന്നതിലും എൽഡിഎഫ് സർക്കാർ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുത്തു. തുടർന്നാണ്, ചാൻസലർ പദവിയിൽ വിദഗ്‌ധരെ നിയമിക്കാൻ നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്. എന്നാൽ, നിയമനിർമാണത്തെ യുഡിഎഫ് എതിർത്തു. നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന ബിജെപിയുടെ കുറവ് നികത്തുന്ന നിലപാടായിരുന്നു അവരുടേത്. (തുടരും)
ഗവർണർതന്നെ ചാൻസലറാകണോ
2018ലെ യുജിസി ആക്ടിൽ ചാൻസലർ നിയമനത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. ചാൻസലർ നിയമനമോ ചാൻസലർ ആരാകണമെന്നോ നിർദേശിച്ചിട്ടുമില്ല. ഇൗ സാഹചര്യത്തിലാണ് ചാൻസലർ സ്ഥാനത്ത് നിർദിഷ്ട യോഗ്യതയുള്ളവരെയോ വിദ്യാഭ്യാസ വിചക്ഷണരെയോ നിയമിക്കണമെന്ന് എൽഡിഎഫ് സർക്കാർ നിർദേശിച്ചത്. ജസ്റ്റിസ് മദൻമോഹൻ പുഞ്ചി അധ്യക്ഷനായി രൂപീകരിച്ച കമീഷന്റെ റിപ്പോർട്ടിലാണ് സർവകലാശാലാ ഭേദഗതി ബിൽ കൊണ്ടുവന്നത്. ഇൗ ബില്ലിൽ തീരുമാനമെടുക്കാതെ രാഷ്‌ട്രപതിക്ക് വിടുകയാണ് ഗവർണർ ചെയ്‌തത്. രാഷ്‌ട്രപതിയും തീരുമാനമെടുത്തില്ല.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുതിയ ഏകീകൃത സർവകലാശാല ബിൽ കൊണ്ടുവരാൻ നീക്കംതുടങ്ങി. സർവകലാശാല ഭേദഗതി ബില്ലും ഉപേക്ഷിക്കപ്പെടും. എല്ലാ സർവകലാശാലകളെയും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഏകീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ബിൽ. വിവിധ സർവകലാശാലകളിലെ സിൻഡിക്കറ്റ് അംഗങ്ങളുടെ എണ്ണം, വിസിമാരുടെ പ്രായപരിധി തുടങ്ങിയവയും ഏകീകരിക്കും. പുതിയ ബിൽ കൊണ്ടുവരാനുള്ള ശുപാർശ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയിട്ടുണ്ട്.










0 comments