print edition യുഡിഎഫ് ആർഎസ്എസിന് കീഴടങ്ങി; പിഎം ശ്രീക്ക് പച്ചക്കൊടി

തിരുവനന്തപുരം: സംഘപരിവാറിന്റെ ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടപ്പാക്കാൻ, സംസ്ഥാനത്തെ സ്‌കൂളുകളിൽ പിഎം ശ്രീ പദ്ധതിക്ക് യുഡിഎഫ് സർക്കാരിന്റെ അനുമതി. പൊതുവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന പദ്ധതിക്ക് ബുധനാഴ്‌ച മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്.
അധികാരത്തിൽവന്നാൽ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞ വി ഡി സതീശനും പിഎം ശ്രീ കടലിലെറിയുമെന്ന് പ്രഖ്യാപിച്ച മുസ്ലിംലീഗ് നേതാക്കളും നിലപാടിൽ മലക്കംമറിഞ്ഞു. നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാരിന് കത്തുനൽകി പദ്ധതിയിൽനിന്ന് പിന്മാറിയ എൽഡിഎഫ് സർക്കാരിനെതിരെ കുപ്രചാരണം നടത്തിയവരാണിപ്പോൾ ആർഎസ്‌എസിന് നിരുപാധികം കീഴടങ്ങിയത്.
കേന്ദ്ര പാഠ്യപദ്ധതി അടിച്ചേൽപ്പിക്കരുത്, സ്‌കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം കേരളത്തിന് നൽകണം എന്നീ നിബന്ധനകളോടെയാകും പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനും റിപ്പോർട്ട് നൽകാനും എൻ ഷംസുദ്ദീൻ കൺവീനറും റോജി എം ജോൺ, പി സി വിഷ്‌ണുനാഥ്, എം ലിജു എന്നിവർ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചു.
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേതുപോലെ, ആർഎസ്‌എസ് അജൻഡ കുത്തിനിറച്ച പാഠ്യപദ്ധതിയാകും കേരളത്തിലും നടപ്പാക്കുക. ഇത് മറയ്‌ക്കാൻ മുൻ സർക്കാരിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ നുണ പ്രചരിപ്പിക്കുന്നു. പദ്ധതിയിൽ കേരളം പങ്കാളിയാണെന്നും നിയമപരമായി പിന്മാറാനാകില്ലെന്നുമാണ് വാദം.
എസ്‌എസ്‌കെ വിഹിതമടക്കം സംസ്ഥാനത്തിന് അർഹമായ പണം പിഎം ശ്രീ ഒപ്പിടാത്തതിന്റെപേരിൽ കേന്ദ്രം തടഞ്ഞപ്പോഴാണ് എൽഡിഎഫ് സർക്കാർ താൽക്കാലികമായി ധാരണപത്രം ഒപ്പിട്ടത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ എൻഇപി നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതോടെ പദ്ധതിയിൽനിന്ന് പിന്മാറി. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ശിവൻകുട്ടി കേന്ദ്രസർക്കാരിനെ നേരിട്ടും കത്തിലൂടെയും അറിയിച്ചു.
ഒന്നും മിണ്ടാതെ ലീഗ് മന്ത്രിമാർ
തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കാൻ തീരുമാനിച്ച മന്ത്രിസഭായോഗത്തിൽ ഒന്നുംമിണ്ടാതെ ലീഗിന്റെ അഞ്ചുമന്ത്രിമാർ. ലീഗിന്റെ പൂർണസമ്മതത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഇതോടെ വ്യക്തം. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഫയൽ മന്ത്രിസഭയിൽ വച്ചത്.
യുഡിഎഫ് അധികാരത്തിൽവന്നാൽ പിഎം ശ്രീ നടപ്പാക്കില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി , പി എം എ സലാം, കെ എം ഷാജി എന്നിവർ പ്രഖ്യാപിച്ചത്. ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീ നടപ്പാക്കിക്കുമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വെല്ലുവിളിക്ക് കീഴടങ്ങിയെന്ന വിമർശവും ഉയരുന്നു.










0 comments