print edition കേരള ട്രാവല്‍ മാര്‍ട്ട് സെപ്തംബറിൽ കൊച്ചിയില്‍

തിരുവനന്തപുരം
രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കേരള ട്രാവല്‍ മാര്‍ട്ടിന് (കെടിഎം) സെപ്‌തംബര്‍ 24ന് കൊച്ചിയില്‍ തുടക്കമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സമ്മേളനത്തിന്റെ ഉദ്ഘാടനം കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. വെല്ലിങ്‌ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററില്‍ സെപ്‌തംബര്‍ 25 മുതല്‍ 27 വരെ ബിസിനസ് മീറ്റ് നടക്കും.
വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-–അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മാര്‍ട്ടിലുണ്ടാകും. കേരളത്തിന്റെ ടൂറിസം മേഖലയില്‍ നവീനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേരള ട്രാവല്‍ മാര്‍ട്ടിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ബയേഴ്സിനും സെല്ലേഴ്സിനും കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനുള്ള മികച്ച അവസരമാണ് കെടിഎം. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടൂര്‍ ഏജന്റുമാര്‍ക്കും ടൂറിസം മേഖലയില്‍ വലിയ പങ്കാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നാനൂറി-ലധികം അന്താരാഷ്ട്ര ബയര്‍മാര്‍, 1500-ലധികം ആഭ്യന്തര ബയര്‍മാര്‍, മൈസ്, വെഡ്ഡിങ് പ്ലാനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. നാനൂറി-ലധികം സെല്ലര്‍ സ്റ്റാളുകളുണ്ടാകും. മൂന്നുദിവസങ്ങളിലായി 60,000-ത്തിലധികം മുന്‍കൂട്ടി നിശ്ചയിച്ച ബിടുബി കൂടിക്കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കെടിഎം 2026ന്റെ പ്രൊമോഷന്‍ വീഡിയോ മന്ത്രി പ്രകാശിപ്പിച്ചു. നവീകരിച്ച വെബ്സൈറ്റ് ടൂറിസം സെക്രട്ടറി കെ ബിജു പുറത്തിറക്കി. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, എസ് സ്വാമിനാഥന്‍, ജോബിന്‍ ജോസഫ്, സി ഹരികുമാര്‍, ജിബ്രാന്‍ ആസിഫ്, ഇ എം നജീബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.










0 comments