ad
Deshabhimani

സർക്കാർ വയറ്റത്തടിച്ചു, പിടിച്ചുനിൽക്കാൻ വേറെ വഴിയില്ല; സ്വകാര്യബസിൽ പലഹാരക്കച്ചവടവുമായി ജീവനക്കാർ

Private Bus Employees Sell Snacks

പത്തനംതിട്ടയിൽ സ്വകാര്യ ബസിനുള്ളിൽ പലഹാരങ്ങൾ വിൽക്കുന്ന ജീവനക്കാരൻ

വെബ് ഡെസ്ക്

Published on Jul 02, 2026, 02:29 PM | 1 min read

പത്തനംതിട്ട: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തോടെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. അനവധി സർവീസുകളാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ മാത്രം വെട്ടിക്കുറച്ചത്. ഇതോടെ ഈ മേഖലയെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾ വഴിയാധാരമായി. കൃത്യമായ ആസൂത്രണമൊന്നും കൂടാതെ സൗജന്യയാത്ര നടപ്പാക്കിപ്പോൾ വഴിമുട്ടിയ സ്വകാര്യ ബസ് മേഖലയോട് മുഖം തിരിക്കുകയാണ് സർക്കാർ.


വരുമാനത്തിന് സ്വകാര്യ ബസുകളും വേറെ വഴിനോക്കണമെന്ന് പറഞ്ഞ് ​കൈയൊഴിയുകയായിരുന്നു ​ഗതാ​ഗതമന്ത്രി സി പി ജോൺ. മന്ത്രിയുടെ പ്രതികരത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും ബസുകളിൽ പലഹാരങ്ങളും മറ്റുംവിറ്റ് വരുമാനത്തിന് ശ്രമിക്കുകയാണ് ജീവനക്കാർ. അച്ചപ്പം, മുറുക്ക് തുടങ്ങിയ പലഹാരങ്ങൾ ബസിൽ കയറുന്ന യാത്രക്കാർക്ക് ഇവർ വിൽക്കുന്നുണ്ട്. പിടിച്ചുനിൽക്കാൻ വേറെ വഴിയില്ലെന്നും കടുത്ത പ്രതിസന്ധിയിലൂടെയാണ് ജീവിതം കടന്നുപോകുന്നതെന്നും സ്വകാര്യബസ് ജീവനക്കാർ പറയുന്നു.


ഒൻപതിനായിരം രൂപയോളം കളക്ഷനുണ്ടായിരുന്ന ബസിൽ ഇപ്പോൾ പകുതി പോലുമില്ലെന്ന് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു. ഡീസലടിക്കാനുള്ള പണം പോലും കിട്ടുന്നില്ല. സർക്കാർ ഈ നിലയിലാണ് പെരുമാറുന്നതെങ്കിൽ അധികകാലം ഈ വ്യവസായം മുന്നോട്ടുപോകില്ലെന്നും ജീവനക്കാർ പറഞ്ഞു.


സംസ്ഥാനത്ത്‌ 150 ഓളം ബസുടമകൾ നികുതി ഒഴിവാക്കി സർവീസ്‌ നിർത്തിവയ്‌ക്കുന്നതിനുള്ള ജി ഫോം നൽകിക്കഴിഞ്ഞു. സ്വകാര്യ ബസ് വെട്ടിക്കുറയ്ക്കുന്നതോടെ സ്ഥിരയാത്രക്കാര്‍ പ്രതിസന്ധിയിലാകും. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ കൃത്യസമയത്ത് സ്ഥാപനങ്ങളിൽ എത്തേണ്ടവര്‍ക്കും സര്‍വീസ് ചുരുങ്ങുന്നത് തലവേദനയാകും. ബസുകൾ വരാൻ സമയദൈര്‍ഘ്യം കൂടുന്നതും പ്രിയദര്‍ശിനിയിൽ തിരക്കുകാരണം കയറാൻ സാധിക്കാത്തതും യാത്രക്കാരെ വലയ്ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home