ട്രാവൽ ലിറ്റററി ഫെസ്റ്റിവലുമായി കേരള ടൂറിസം; 'യാനം' ആദ്യ പതിപ്പ് ഒക്ടോബറിൽ

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. 'യാനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തിൽ നടക്കും. രാജ്യത്ത് ആദ്യമായാണ് ടൂറിസം മേഖലയിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
ലോകത്താകമാനം സഞ്ചാര സാഹിത്യത്തിന് വലിയ വായനക്കാരുണ്ട്. യാത്രകൾ, ഡെസ്റ്റിനേഷനുകൾ തുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട് ലോകത്ത് നിരവധി പുസ്തകങ്ങളുണ്ട്. വിവിധ മാഗസീനുകൾ അതിനായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ വഴിയും യാത്രകൾ സംബന്ധിച്ച എഴുത്തുകൾ ഉണ്ടാകുന്നുണ്ട്. എല്ലാവരെയും കോർത്തിണക്കിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന മന്ത്രി പറഞ്ഞു.
ലോകത്തിലെ സഞ്ചാര സാഹിത്യ രംഗത്തേക്ക് കേരളത്തെ കൂടുതലായി അടയാളപ്പെടുത്തുകയാണ് ലക്ഷ്യം. കേരള ടൂറിസം സംഘടിപ്പിക്കുന്ന ഒരു യാത്രാ മഹോത്സവമായി ഫെസ്റ്റിവലിനെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നിരവധി പദ്ധതികൾ ടൂറിസം വകുപ്പ് നടത്തുന്നു. കോവിഡിന് ശേഷം കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ തോത് രാജ്യത്തെ ശരാശരിയെക്കാൾ കൂടുതലാണ്.
പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായാണ് യാനം സംഘടിപ്പിക്കുന്നത്. യാത്രാ മഹോത്സവം എന്നതിലുപരി യാത്രകളെ ആഴത്തിൽ സ്നേഹിക്കുന്നവരുടെ സംഗമം കൂടിയാകും സാഹിത്യോത്സവമെന്ന് മന്ത്രി പറഞ്ഞു. എഴുത്തുകാർ, കലാകാരന്മാർ, ഫോട്ടോഗ്രാഫർമാർ, സാഹസിക യാത്രികർ, യാത്ര ഡോക്യൂമെന്റി സംവിധായകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഉള്ളവർ യാനത്തിന്റെ ഭാഗമാകും.
ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ പ്രകാശ് സോൺതെക്ക, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ഗ്രാഷ്യൻ അവാർഡ് നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ, വർത്തമാനകാല ഓർഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി പ്രൊഫ. നതാലി ഹാൻഡൽ എന്നിവരുൾപ്പെടുന്ന ചർച്ച യാനത്തെ ശ്രദ്ധേയമാക്കും.
കൂടാതെ ടിബറ്റൻ കവി ടെൻസിൻ സുണ്ടു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവർത്തി, ഫോട്ടോഗ്രാഫർ ആശ ഥാദാനി, ആറ് രാജ്യങ്ങളിലൂടെ ബൈക്കിംഗ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂർ എന്നിവരും ഈ വേദിയിൽ എത്തും. പ്രസിദ്ധ യാത്രാ ഡോക്യുമെൻററി നിർമ്മാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെൻ ആനന്ദ്, പ്രമുഖ യാത്രാ വ്ളോഗർ കൃതിക ഗോയൽ എന്നിവരും പങ്കെടുക്കുന്നുണ്ട്.









0 comments