ad
Deshabhimani

print edition തൊഴിലാളി വിരുദ്ധ ലേബർ കോഡ്‌; കേന്ദ്രത്തിന്‌ കീഴടങ്ങാൻ കേരളം

labour codes centre
avatar
സ്വന്തം ലേഖകൻ

Published on Jun 13, 2026, 12:00 AM | 1 min read

തിരുവനന്തപുരം : തൊഴിലാളിയുടെ അവകാശങ്ങളും സാമൂഹിക സുരക്ഷയും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന കേന്ദ്രലേബർ കോഡിന്‌ കീഴടങ്ങാൻ കേരളം. ലേബർകോഡ് നടപ്പാക്കാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ വിശദമായ ചർച്ച നടത്താനാണ്‌ നീക്കം. കരട്‌ ചട്ടം തയ്യാറാക്കുന്നതിന്‌ തൊഴിലാളി യൂണിയൻ പ്രതിനിധികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ശിൽപ്പശാല നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചിരുന്നു.


കേന്ദ്രനിയമത്തെ മറികടക്കുന്ന സംസ്ഥാനനിയമം കൊണ്ടുവരുന്നതിന് പരിമിതികളുണ്ടെന്നാണ്‌ മന്ത്രി പറഞ്ഞത്‌. ലേബർ കോഡുകൾക്ക്‌ എതിരെ സംസ്ഥാന സർക്കാരിന് നിയമനിർമാണം നടത്താമെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജി ഗോപാല ഗൗഡ അധ്യക്ഷനായ സമിതിയുടെ ശുപാർശയുള്ളപ്പോഴാണ്‌ കേരളം കേന്ദ്രത്തിന്‌ വഴങ്ങാനാരുങ്ങുന്നത്‌. എൽഡിഎഫ്‌ സർക്കാർ 2025 ഡിസംബറിൽ സംഘടിപ്പിച്ച ലേബർ കോൺക്ലേവിലാണ് ​ ജസ്റ്റിസ് ഗോപാല ഗൗഡയെ അധ്യക്ഷനാക്കി വിദഗ്‌ധ സമിതി രൂപീകരിച്ചത്.


ഭരണഘടനയുടെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്താൻ സംസ്ഥാന നിയമസഭയ്‌ക്ക്‌ പൂർണ അധികാരമുണ്ട്. കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് ഭേദഗതി കൊണ്ടുവരാം. നിലവിലെ നിയമചട്ടക്കൂടിന് പുറത്തുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പുതിയ മൂന്നുനിയമം നിർമിക്കാനും സമിതി ശുപാർശചെയ്‌തു. തൊഴിലാളികൾക്ക് സ്ഥിരംപദവി നൽകുന്ന ബിൽ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സേവന വ്യവസ്ഥകൾ ക്രമീകരിക്കുന്ന ബിൽ, ശുചീകരണ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ക്ഷേമം ഉറപ്പാക്കുന്ന ബിൽ എന്നിവയാണവ.


26- ക്ഷേമനിധി ബോർഡുകളിലൂടെ നൽകുന്ന തൊഴിൽ സംരക്ഷണം കേന്ദ്ര ലേബർകോഡുകൾ നടപ്പിലാക്കുമ്പോഴും നിലനിർത്തണമെന്നും നിലവിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറയ്‌ക്കാൻ പാടില്ലെന്നും നിർദേശിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home