ജൂൺ 9 മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം. 2007 ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ-സംരക്ഷണ നിയമം നിലവിലുള്ളതിനാൽ തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാകില്ല. മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിങ് നിരോധനം.
പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ ഇഇസെഡിൽ തിങ്കൾ മുതൽ ജൂലൈ 31 വരെ 61 ദിവസത്തേക്ക് നോൺ-മോട്ടോറൈസ്ഡ് യാനങ്ങൾ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായി പ്രത്യേക യോഗവും വിളിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാർബറുകളിലെ ഡീസൽ ബങ്കുകൾ നിയന്ത്രിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രോളിംഗ് ബോട്ടുകൾ ജൂൺ 9 വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായിരിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം, വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രണ്ട് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും.










0 comments