print edition പുതുയുഗ പിറവി ; അവസാന അതിദരിദ്രർക്കും മോചനം , പ്രഖ്യാപനം നാളെ


സി കെ ദിനേശ്
Published on Oct 31, 2025, 03:45 AM | 1 min read
തിരുവനന്തപുരം
അവസാനത്തെ അതിദരിദ്രനെയും മോചിപ്പിച്ചുവെന്ന് ഉറപ്പുവരുത്തി പുരോഗമന കേരളം നാളെ ഒരു യുഗസംക്രമണത്തിന് സാക്ഷ്യം വഹിക്കും. ലോകത്തുതന്നെ അത്യപൂർവ നേട്ടം, ഇന്ത്യയിലെ ആദ്യ അതിദരിദ്രമുക്ത സംസ്ഥാനം. കേരള പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ പ്രഖ്യാപനം നടത്തുന്പോൾ നാടിന്റെ മോചനത്തിനായി ജീവൻവെടിഞ്ഞ് പോരാടിയവരുടെ സ്വപ്നം കൂടിയാണ് യാഥാർഥ്യമാകുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനമായിരുന്നു ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ അടിസ്ഥാന ക്ലേശഘടകങ്ങളെ മാനദണ്ഡമാക്കിയുള്ള അതിദാരിദ്ര്യമുക്തി. 1032 തദ്ദേശസ്ഥാപനങ്ങളിലെ സമഗ്ര പരിശോധനയിലൂടെ 64,006 കുടുംബങ്ങളിലെ 1,03,099 അതിദരിദ്ര വ്യക്തികളെ കണ്ടെത്തി. മരിച്ചവരും മറ്റ് സംസ്ഥാനങ്ങളില്‍ കുടിയേറിയവരും ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരുമടക്കം 4,729 പേരെ ഒഴിവാക്കി.
ആഹാരം പോലും കണ്ടെത്താന്‍ കഴിയാത്ത 20, 648 കുടുംബങ്ങളുണ്ടായിരുന്നു. 2022 ഏപ്രില്‍ ഒന്നു മുതൽ ഇവർക്ക് ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്തി. 4677 പുതിയ വീട് വേണ്ടിവന്നതിൽ 4005 ഉം പൂർത്തിയായി. 672 പൂർത്തിയാകുന്നു. പണി തീരുന്നത് വരെ ഇവരെ സുരക്ഷിതമായി താമസിപ്പിക്കും. പുനരുദ്ധാരണം ആവശ്യമായ 5646 വീടുകളിൽ 5522 വീടുകളും പൂർത്തിയായി.
ഇന്ത്യയിൽ ഒരു സര്‍ക്കാര്‍ സംവിധാനം ആദ്യമായാണ് ഇത്തരമൊരു പദ്ധതി ഏറ്റെടുത്തത്. പൈലറ്റ് ആയി വടക്കാഞ്ചേരി നഗരസഭ, അഞ്ചുതെങ്ങ്, തിരുനെല്ലി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടപ്പാക്കി വിജയം വരിച്ചു.
അതിദാരിദ്ര്യമുക്‌ത സംസ്ഥാന പ്രഖ്യാപനം നടക്കുന്ന ശനി വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ ഇന്ത്യൻ സിനിമ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാ ൽ, കമൽഹാസൻ എന്നിവർ വിശിഷ്‌ടാതിഥികളാകും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. സ്‌പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എല്ലാ മന്ത്രിമാരുടെയും സാന്നിധ്യമുണ്ടാകും.









0 comments