print edition ഒരുക്കങ്ങൾ കൃത്യം; കടുത്ത വൈദ്യുതി ക്ഷാമത്തിലും പിടിച്ചുനിന്ന് കേരളം


സ്വാതി സുജാത
Published on Apr 29, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കടുത്ത വൈദ്യുതി ക്ഷാമത്തിലും സംസ്ഥാനം പിടിച്ചുനിൽക്കുന്നത് ഒരുക്കങ്ങൾ കൃത്യമായി നടത്തിയതിനാൽ. വേനൽക്കാലം കണക്കിലെടുത്ത് ആവശ്യമായ വൈദ്യുതി ഉറപ്പാക്കിയതാണ് കരുത്തായത്.
മുൻവർഷത്തേക്കാൾ ഏപ്രിലിൽ പകൽ പ്രതിദിന ഉപയോഗം 25 ശതമാനവും രാത്രിയിലേത് 15 ശതമാനവുമാണ് കണക്കാക്കിയിരുന്നത്. മേയിൽ അത് 12.3 ശതമാനവും 10 ശതമാനവുമാകുമെന്നും കണക്കാക്കി.
ഏപ്രിലിലെ ദിന ഉപയോഗം 118.40 ദശലക്ഷം യൂണിറ്റും രാത്രി (പീക് ഡിമാൻഡ്) 5928 മെഗാവാട്ടും മേയിൽ 121 ദശലക്ഷം യൂണിറ്റും 6118 മെഗാവാട്ടും ആയാലും വൈദ്യുതി ഉറപ്പാക്കാനുള്ള നടപടി കെഎസ്‌ഇബി സ്വീകരിച്ചിരുന്നു. കേന്ദ്ര വിഹിതമായി 1377–1600 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ 571–650 മെഗാവാട്ടും ലഭ്യമാക്കി. വൈകിട്ട് ആറുമുതൽ രാത്രി 11വരെ ആഭ്യന്തര ജലവൈദ്യുത ഉൽപ്പാദനം 1676 മെഗാവാട്ടുവരെയുമാക്കി.
ദീർഘകാല കരാറുകൾക്കുപുറമെ, മാർക്കറ്റിൽനിന്ന് 500 മുതൽ 600 മെഗാവാട്ട് വരെ അധിക വൈദ്യുതിയും പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽനിന്ന് "സ്വാപ്പ്' വ്യവസ്ഥയിലും ഓപ്പൺ മാർക്കറ്റുകളിൽനിന്ന് ആവശ്യാനുസരണം വൈദ്യുതിയും ലഭ്യമാക്കാൻ വേനലിനുമുമ്പ് നടപടിയെടുത്തു. വെദ്യുതി തടസ്സമില്ലാതെയും നഷ്‌ടമില്ലാതെയും ഉപയോക്താക്കളിലെത്തിക്കാൻ ലൈനിലെ "ലോഡ്- ജനറേഷൻ ബാലൻസ്' നിലനിർത്താൻ കർമപദ്ധതി ആവിഷ്‌കരിച്ചു.
അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഇത് 41 ഡിഗ്രിവരെ കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27-ന് സർവകാല റെക്കോർഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകിട്ട് ആറിനുശേഷമുള്ള വൈദ്യുതി ആവശ്യം 6033 മെഗാവാട്ട് എന്ന റെക്കോർഡിലെത്തി. ഏപ്രിൽ 23-ന് രാത്രി 10.30-ന് ഒരു മിനിറ്റ് 6195 മെഗാവാട്ട് വരെ ആവശ്യം കൂടി.











0 comments