Deshabhimani

print edition സ്കൂൾ കായിക; സുരക്ഷാ സംവിധാനങ്ങൾ പാളിയെന്ന്‌ 
സ്‌പെഷ്യൽ ബ്രാഞ്ച്‌

SPORTS
വെബ് ഡെസ്ക്

Published on Oct 04, 2026, 01:31 AM | 2 min read

തൃശൂർ: വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയ സംസ്ഥാന സ്‌കൂൾ ഗെയിംസിലെ നീന്തൽ മത്സര വേദി തകർന്ന സംഭവത്തിൽ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ട്‌. ആവശ്യമായ സ‍ൗകര്യങ്ങൾ ഒരുക്കാതെയാണ്‌ മത്സരങ്ങൾ നടത്തിയതെന്നാണ്‌ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്‌ നൽകിയ റിപ്പോർട്ട്‌. ശനിയാഴ്‌ച രാവിലെയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.


സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഗുരുതര പാളിച്ച സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്‌. മത്സരം നടക്കുന്നത്‌ പൊലീസിനെയോ അഗ്നി രക്ഷാസേനയെയോ അറിയിച്ചിരുന്നില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ട്‌.

വ്യാഴാഴ്‌ച രാത്രിയാണ്‌ തൃശൂർ അക്വാട്ടിക്‌ കോംപ്ലക്‌സിൽ നീന്തൽ മത്സരം നടക്കുന്നതിനിടെ സംഘാടകർ താൽക്കാലികമായി കെട്ടിയ പന്തലിന്റെ ഷീറ്റ്‌ തകർന്നുവീണ്‌ മത്സരാർഥികളായ കുട്ടികൾക്ക്‌ പരിക്കേറ്റത്‌. നീന്തൽക്കുളത്തിന്‌ സമീപത്തെ ഗാലറിയിൽ കെട്ടിയ താൽക്കാലിക പന്തലാണ്‌ മഴയിലും കാറ്റിലും തകർന്നുവീണത്‌. അപകടത്തിൽ അഞ്ചുപേർക്ക്‌ പരിക്കേറ്റിരുന്നു. വ്യാഴാഴ്‌ച വൈകിട്ട്‌ അക്വാട്ടിക്‌ കോംപ്ലക്‌സിലെ സുരക്ഷാ ജീവനക്കാർ പന്തലിന്‌ ബലക്ഷയമുള്ള വിവരം മത്സരത്തിന്റെ ചുമതലയുള്ളവരെ അറിയിച്ചിരുന്നു. എന്നിട്ടും ഷീറ്റുകൾ കൃത്യമായി ഉറപ്പിച്ചുനിർത്താനുള്ള സംവിധാനംപോലും ചെയ്‌തിരുന്നില്ല.


മന്ത്രിയുടെ റിപ്പോർട്ട് തേടൽ പ്രഹസനം; കുട്ടികളുടെ ജീവൻ വച്ചാണ് കളി


സ്കൂൾ കായികമേളയെ കുട്ടികളുടെ ജീവൻവച്ചുള്ള കളിയാക്കി സർക്കാർ. തൃശൂർ അക്വാട്ടിക്സ് കോംപ്ലക്സിലെ മേൽക്കൂര തകർന്ന് പത്ത് വിദ്യാർഥികൾക്ക് പരിക്കേറ്റതിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ വിശദീകരണം തേടിയത് സംഭവമുണ്ടായി രണ്ട് ദിവസം കഴിഞ്ഞാണ്. വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടും നടപടിയുണ്ടായില്ല. സർക്കാരിന്റെ പിടിപ്പുകേട് പുറത്തുവന്നതോടെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി എൻ ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.


സംഭവത്തിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിനാണെന്നുപറഞ്ഞ് ജില്ലയുടെ ചുമതലയുള്ള കായികമന്ത്രി ഒ ജെ ജനീഷ് കൈമലർത്തുകയും ചെയ്തു. താൽകാലിക മേൽക്കൂര സുരക്ഷിതമാണോ എന്ന് പരിശോധിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വാദമുയർത്തി രക്ഷപ്പെടാനാണ് സംഘാടക ചുമതലയുള്ള മന്ത്രി ശ്രമിച്ചത്. സ്കൂൾ കായികമേള വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെങ്കിലും മത്സരങ്ങൾ നടക്കുന്നത് കായിക വകുപ്പിലുള്ള സ്പോർട്സ് കൗൺസിലിന്റെ സ്റ്റേഡിയങ്ങളിലും നീന്തൽക്കുളങ്ങളിലുമാണ്. ഇവ സജ്ജമാക്കുന്നതിലും അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിലും കായികവകുപ്പിന് പങ്കുണ്ട്.


മുൻ വർഷങ്ങളിൽ കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകോർത്താണ് മേള ഒളിമ്പിക്സ് മാതൃകയിലേക്ക് ഉയർത്തിയതും ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടെയുള്ള വിപുലമായ രീതിയിൽ നടപ്പാക്കിയതും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാതൃകാപരമായി നടപ്പാക്കിയ ഒളിമ്പിക്സ് മാതൃക തകിടംമറിച്ചാണ് മത്സരങ്ങൾ പത്ത് ജില്ലകളിലായി വിഭജിച്ചത്.


തകർത്തത് ചരിത്രംകുറിച്ച മേളയെ


2024ൽ ‘ഇൻക്ലൂസീവ് സ്പോർട്സ്' ഉൾപ്പെടുത്തി കൊച്ചിയിൽനടന്ന പ്രഥമമേളതന്നെ വിജയമായിരുന്നു. ജേതാക്കൾക്ക്‌ മുഖ്യമന്ത്രിയുടെപേരിൽ 117.5 ഗ്രാം സ്വർണക്കപ്പ് ഏർപ്പെടുത്തിയതും കായികമേഖലക്ക്‌ പ്രോത്സാഹനമായി. ലോകത്തിലെ ഏറ്റവും വലിയ കായിക മേളകളിലൊന്നായ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിനെ തകർക്കുന്നതാണ്‌ നിലവിലെ നീക്കം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home