print edition 2031ലെ കേരളം രൂപപ്പെടുത്താൻ ആസൂത്രണ ബോർഡ്; അന്താരാഷ്‌ട്ര കോൺഫറൻസിന് നാളെ തുടക്കം

തിരുവനന്തപുരം: കേരളം രൂപീകരിച്ചിട്ട് 75 വർഷം തികയുന്ന 2031ൽ കേരളം എങ്ങനെയായിരിക്കണമെന്നുള്ള ആശയങ്ങൾ രൂപപ്പെടുത്താൻ അന്താരാഷ്‌ട്ര കോൺഫറൻസുമായി സംസ്ഥാന ആസൂത്രണ ബോർഡ്.
വിഷൻ 2031: വികസനവും ജനാധിപത്യവും എന്ന കോൺഫറൻസ് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുമെന്ന് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായർ വൈകിട്ട് നാലിന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
മന്ത്രി കെ രാജൻ അധ്യക്ഷനാകും. പ്രൊഫ. അമർത്യാസെൻ, പ്രൊഫ. റോമിലാ ഥാപ്പർ, ഡോ. ശകുന്തള ഹരക്‌സിങ്, പലസ്‌തീൻ അംബാസഡർ അബ്ദുള്ള ഷാവേശ്, മന്ത്രിമാർ എന്നിവർ പങ്കെടുക്കും. തിങ്കളാഴ്‌ച ഒമ്പത് വേദികളിലായി 18 വിഷയ സെമിനാറുകൾ. വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും അന്താരാഷ്ട്ര ഏജൻസികളിലെ പ്രതിനിധികളും പങ്കെടുക്കും.
ചൊവ്വാഴ്‌ച രാവിലെ സമാപന സമ്മേളനവും ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ' വിഷയത്തിൽ സെമിനാറും ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു- കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള, ജസ്റ്റിസ് എ പി ഷാ, സയീദ് അക്തർ മിർസ, പ്രകാശ് കാരാട്ട്, എൻ റാം എന്നിവർ പങ്കെടുക്കും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ചർച്ചകളുടെ ക്രോഡീകരണം ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരിപ്പിക്കും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് വിഷൻ 2031 സംഘടിപ്പിക്കുന്നത്. കനകക്കുന്നിൽ ഫോട്ടോ പ്രദർശനവും നടക്കും. ആസൂത്രണ ബോർഡ് അംഗങ്ങളായ പ്രൊഫ. ജിജു പി അലക്‌സ്, പ്രൊഫ. രവി രാമൻ, പ്രൊഫ. മിനി സുകുമാരൻ, ഡോ. പി കെ ജമീല, മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, വിഷൻ 2031 പ്രോഗ്രാം ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഡോ. അരുൺ എസ് നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments