കെഎസ്‌ഡിപിയിൽ നിന്ന് 26 മരുന്നുകൂടി


ഫെബിൻ ജോഷി
Published on Mar 25, 2025, 12:01 AM | 1 min read
ആലപ്പുഴ : വിപണിയിൽ 26 ഇനം മരുന്നുകൂടി എത്തിക്കാൻ കെഎസ്‌ഡിപി (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്) ഒരുങ്ങി. എൽവിപി, എസ്‌വിപി, ഒപ്‌താൽമിക് പ്ലാന്റിൽ ട്രയൽറൺ പൂർത്തിയാകുന്നതോടെ തുള്ളിമരുന്നുകളും കുത്തിവയ്‌പ്പിനുള്ള മരുന്നുകളും ഐവി ഫ്ലൂയിഡുകളുമടക്കം ഉൽപ്പാദിപ്പിക്കും. അടുത്ത സാമ്പത്തികവർഷം മുതൽ ഇവ വിപണിയിലെത്തും. ഇതോടെ കെഎസ്‌ഡിപിയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ എണ്ണം 118 ആകും. നിലവിൽ 92 മരുന്നാണ് നിർമിക്കുന്നത്. ഇതിൽ 40 മരുന്നിന്റെ നിർമാണം തുടങ്ങിയത് ഒന്നാം പിണറായി സർക്കാർ ആരംഭിച്ച നോൺ ബീറ്റാ ലാക്റ്റം പ്ലാന്റ് പൂർത്തീകരിച്ച ശേഷമാണ്.
ഐവി ഫ്ലൂയിഡുകളുടെ ഉൽപ്പാദനം ആരംഭിക്കുന്നതോടെ ഇതിനായി ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ 1.20 കോടി ഐവി ഫ്ലൂയിഡ് യൂണിറ്റും പ്രതിവർഷം ഉൽപ്പാദിപ്പിക്കാനാകും. ആംപ്യൂൾ വയൽ കുത്തിവയ്‌പ്പ് മരുന്നുകളും ഇവിടെ നിർമിക്കും. ഇതിലൂടെ കെഎസ്‌ഡിപിയുടെ വാർഷിക വിറ്റുവരവ് 100 കോടിയിൽനിന്ന് 150 കോടിയായി ഉയരും. എൽവിപി, എസ്‌വിപി, ഒപ്‌താൽമിക് പ്ലാന്റിലെ യന്ത്രങ്ങളുടെ കമീഷനിങ് പൂർത്തിയാക്കി ട്രയൽ പുരോഗമിക്കുന്നു. ആധുനിക സാങ്കേതികവിദ്യയിലുള്ളതാണ് ജർമൻ നിർമിതയന്ത്രങ്ങൾ.
മെഡിമാർട്ട്
8 മുതൽ
കലവൂരിലെ കെഎസ്‌ഡിപി പരിസരത്ത് ആരംഭിക്കുന്ന ‘മെഡിമാർട്ട്’ റീട്ടൈൽ ഫാർമസി ഔട്ട്‌ലെറ്റ് ഏപ്രിൽ എട്ടിന് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ഇവിടെ എല്ലാത്തരം അലോപ്പതി മരുന്നും 15 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.








0 comments