ഉൽപ്പന്നങ്ങൾ വാട്‌സാപ്പിലൂടെ വിൽക്കാം; സോഫ്റ്റ്‌വെയറുമായി കേരള സ്‌റ്റാർട്ടപ്


സ്വന്തം ലേഖകൻ
Published on Aug 22, 2025, 09:51 AM | 1 min read
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനു കീഴിലെ ‘പിക്കി അസിസ്റ്റ്'വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ഉൽപ്പന്നങ്ങള്‍ വാട്‌സാപ്പിലൂടെ വിൽക്കാന്‍ സഹായിക്കുന്ന വാട്‌സാപ് കാറ്റലോഗ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി. ഇതുപയോഗിച്ച് വ്യാപാരസ്ഥാപനമോ അധിക ജീവനക്കാരോ ഇല്ലാതെ ഉൽപ്പന്നങ്ങള്‍ വാട്‌സാപ്പിലൂടെ വില്‍ക്കാം.
ചെറുപട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ബിസിനസുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള ഡിജിറ്റല്‍ വില്‍പ്പന ചാനല്‍ ആഗോളതലത്തില്‍ തുറക്കാന്‍ ഇത് സഹായകമാകും. പ്രാദേശിക സംരംഭകര്‍ക്കും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളെ ആശ്രയിക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടും. വാട്‌സാപ് ഉപയോഗിക്കുന്നതിലൂടെ കമീഷന്‍ ലാഭിക്കാനും ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ബ്രാന്‍ഡ് വിശ്വാസ്യത വളര്‍ത്താനുമാകും.
ഉൽപ്പന്നങ്ങളുടെ ലിസ്റ്റിങ്, ഇന്‍വെന്ററി സ്റ്റോക്ക് മാനേജ്മെന്റ്, ഓര്‍ഡര്‍ സ്വീകരിക്കല്‍, പെയ്‌മെന്റ്, ഓഫറുകള്‍ അയക്കല്‍, ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം, ലോജിസ്റ്റിക്സ്, ഡെലിവറി സേവനങ്ങളുമായുള്ള ഇന്റഗ്രേഷന്‍ തുടങ്ങിയവ ഓട്ടോമാറ്റിക്കായി ചെയ്യാന്‍ ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയറിലൂടെ സാധിക്കും. ഉൽപ്പന്നങ്ങള്‍ നിര്‍മിക്കുക, പാക്ക് ചെയ്ത് അയക്കുക എന്നിവ ഒഴികെ ബിസിനസ് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഈ സംവിധാനം സ്വയം ചെയ്യുമെന്ന് പിക്കി അസിസ്റ്റ് സിഇഒ റെജി ശിവന്‍കുട്ടി പറഞ്ഞു.
ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള പിക്കി അസിസ്റ്റ് 81 രാജ്യങ്ങളിലെ ആയിരത്തിലധികം ബിസിനസുകള്‍ക്ക് വാട്‌സാപ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സങ്കേതങ്ങളിലൂടെ ഉപഭോക്തൃ ഇടപെടലിന് സഹായിക്കുന്നു.
സോഫ്‌റ്റ്‌വെയർ പുറത്തിറക്കുന്ന ചടങ്ങിൽ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ബിഎന്‍ഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടര്‍ വികാസ് അഗര്‍വാള്‍, പിക്കി അസിസ്റ്റ് ഡയറക്ടര്‍ രേവതി രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.









0 comments