യുഡിഎഫ് 300 എൽഡിഎഫ് 7400
print edition കേരള സ്റ്റാർട്ടപ് മിഷൻ: 7400 സ്‌റ്റാർട്ടപ്പ് , 74,000 തൊഴിൽ , 6,000 കോടി നിക്ഷേപം


മിൽജിത്ത് രവീന്ദ്രൻ
Published on Nov 21, 2025, 03:00 AM | 3 min read
ആശയങ്ങൾ ആഘോഷിക്കപ്പെടുകയാണ്. നാടിന്റെ പിന്തുണയിൽ അവ വർണാഭമായ ശലഭങ്ങളായി പറന്നുയരുന്നു. നവീന ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരെ പിന്തുണയ്ക്കുന്നതിനുമായി രൂപംകൊടുത്ത കേരള സ്റ്റാർട്ടപ് മിഷൻ പുതുതലമുറയ്‌ക്ക് നൽകിയ ആത്മവിശ്വാസം നാടിന്റെ വികസനത്തിന് പകരുന്ന ഉൗർജമേറെ. സംരംഭകരുടെ യാത്രയെ സർക്കാർ അകമഴിഞ്ഞ് പിന്തുണയ്ക്കുന്പോൾ അത്ഭുതങ്ങൾ സാധ്യമാകുന്നു...
തിരുവനന്തപുരം
യുഡിഎഫ് സർക്കാർ പടിയിറങ്ങിയ 2016ൽ 300 സ്‌റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 7400. എൽഡിഎഫ് സർക്കാരുകളുടെ നിരന്തര ഇടപെടലാണ് സ്റ്റാർട്ടപ് മേഖലയെ മികവിലേക്കുയർത്തിയത്. 74,000 തൊഴിൽ സൃഷ്ടിച്ചു. മൊത്തംനിക്ഷേപം 6,000 കോടി രൂപയായി. 63 ഇൻകുബേറ്ററുകളും 557 മിനി ഇൻകുബേറ്ററുകളും സ്ഥാപിച്ചു. കൊച്ചിയിൽ മേക്കർ വില്ലേജ് പൂർത്തിയാക്കി. അമേരിക്കയിലെ മാസച്ചൂസെറ്റ്സ് ക്യാമ്പസിനുപുറമെ ലോകത്തെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് കൊച്ചിയിൽ സജ്ജമാക്കി. കൊച്ചിയിൽ ഡിജിറ്റൽ ഹബ് പ്രവർത്തനമാരംഭിച്ചു. രാജ്യത്ത് സ്റ്റാർട്ടപ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം.

സ്റ്റേറ്റ് സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരവുംനേടി. സേവനങ്ങളും ഉൽപ്പന്നങ്ങളും സർക്കാർ വകുപ്പുകൾക്ക് നേരിട്ട് വാങ്ങാനും സ്റ്റാർട്ടപ്പുകൾക്ക് മാത്രം പങ്കെടുക്കാവുന്ന ടെൻഡർ നയവും ഉൾക്കൊള്ളിച്ച് ‘ആസ് എ മാർക്കറ്റ് പ്ലെയ്സ്’ എന്ന പദ്ധതി 2017ൽ നിലവിൽവന്നു. 2022ൽ സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് സേവനങ്ങൾ വാങ്ങാനുള്ള പരിധി 20 ലക്ഷത്തില്‍നിന്ന് 50 ലക്ഷമാക്കി. കൊച്ചിയിലെ കേരള ടെക്-നോളജി ഇന്നവേഷൻ സോണിൽമാത്രം 1.8 ലക്ഷം ചതുരശ്രയടി ഇൻകുബേഷൻ സെപയ്സുണ്ട്. ഡിജിറ്റൽ ഹബ്ബിൽ 2.06 ലക്ഷം ചതുരശ്രയടിയിൽ അമ്പതോളം ഓഫീസ് സ്പെയ്സുകൾ ഉടൻ തുറന്നുനൽകും.
സംസ്ഥാനത്താകെ 6.43 ലക്ഷം ചതുരശ്രയടിയിൽ ലീപ് സെന്ററുകളിലായി അയ്യായിരത്തിലധികം കോ-വർക്കിങ് സീറ്റുകളിലായി 350ഓളം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവര്‍, ആക്സിലറേറ്റ്, പ്രോസ്പര്‍) കോ-വര്‍ക്കിങ് സ്പെയ്സുകളെന്ന് പുനര്‍നാമകരണംചെയ്ത് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങള്‍ തുടങ്ങുന്നു. അംഗത്വ കാര്‍ഡുവഴി ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ സബ്സിഡിയോടെ ഉപയോഗിക്കാം. ദുബായിൽ ആദ്യ സ്‌റ്റാർട്ടപ് ഇൻഫിനിറ്റി കേന്ദ്രം തുറന്നു. ബെൽജിയവുമായി ധാരണാപത്രം ഒപ്പുവെച്ചു. ഓസ്ട്രേലിയ, യുഎസ്എ എന്നീ രാജ്യങ്ങളിൽകൂടി കേന്ദ്രം ആരംഭിക്കും. അഞ്ചു ലക്ഷം ചതുരശ്രയടിയില്‍ തിരുവനന്തപുരം ടെക്-നോസിറ്റിയില്‍ എമേര്‍ജിങ് ടെക്-നോളജി ഹബ്ബിനുള്ള പ്രാരംഭ നടപടികളായി.
‘ഐ ബൈ ഇൻഫോപാർക്ക്’
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്ക് നേതൃത്വത്തിൽ ഒരുക്കിയ പ്രീമിയം കോ വർക്കിങ് സ്പേസ് ‘ഐ ബൈ ഇൻഫോപാർക്ക്’ രാജ്യത്തിന് മാതൃക. ആറുനിലകളിൽ 48,000 ചതുരശ്രയടി കെട്ടിടത്തിൽ 582 പേർക്ക് ജോലി ചെയ്യാം.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സഹകരണത്തോടെയാണ് പദ്ധതി. യാത്രാസൗകര്യങ്ങളും നവീന ഓഫീസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വർക് സ്‌പെയ്‌സ്, കോ–-വർക്കിങ് സ്‌പെയ്സ് മാതൃകകളിൽ ഒരുങ്ങുന്ന ഓഫീസ് സൗകര്യം ഐടി, ഐടി ഇതര കമ്പനികൾക്കും ജീവനക്കാർക്കും ഉപയോഗപ്പെടുത്താം.
വനിതകൾക്ക് സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കാനും അന്താരാഷ്ട്ര കമ്പനികൾക്ക് ജീവനക്കാരെ വർക് ഫ്രം ഹോമിനുപകരം പ്രീമിയം വർക് സ്‌പെയ്‌സിൽ വിനിയോഗിക്കാനും കഴിയുംവിധമാണ് ഓഫീസുകളുടെ ഘടന. അതിവേഗ ഇന്റർനെറ്റ്, മുഴുവൻസമയ വൈദ്യുതി എന്നിവയുണ്ട്.

ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. തൊഴിലിട രൂപകല്‍പ്പനയില്‍ ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ടുവരുന്ന ‘സ്‌പെക്ട്ര' ന്യൂറോഡൈവേഴ്സിറ്റി- സൗഹൃദ ആശയം ഉൾക്കൊണ്ട് നിർമിച്ച സംസ്ഥാനത്തെ ആദ്യ ഐടി മാതൃകയാണിത്. ഐ ബൈ ഇൻഫോപാർക്കിലെ ആദ്യ കമ്പനി സോഹോ കോർപറേഷന്റെ അനുമതിപത്രം സോഹോ യുഎസ്എ സിഇഒ ടോണി തോമസിന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.
നാടുവിടേണ്ട, ഓഫീസ് വീടിനടുത്ത്
ബംഗളൂരുവിൽ ഐടി ജോലി ചെയ്യുന്ന ആലങ്ങാട് സ്വദേശികളായ രണ്ടുപേർ ഇനി സ്ഥിരമായി നാട്ടിലുണ്ടാകും. ആലങ്ങാടുള്ള വർക് നിയർ ഹോം കേന്ദ്രത്തിൽ ജോലി തുടരാനുള്ള ഒരുക്കത്തിലാണ് രണ്ട് വ്യത്യസ്‌ത കന്പനികളിലെ ജീവനക്കാരായ ഇവർ. നാട്ടിൽ ജോലി ചെയ്യാൻ രജിസ്‌റ്റർ ചെയ്‌ത ഇവർ തങ്ങളുടെ കന്പനിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ശീതീകരിച്ച മുറി, ലാപ്ടോപ്, വൈഫൈ എന്നിവയടക്കമുള്ള പ്രീമിയം ഓഫീസ് സൗകര്യങ്ങളാണ് ആലങ്ങാട്ടെ വർക് നിയർ ഹോം കേന്ദ്രത്തിലുള്ളത്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
കെട്ടിടത്തിലെ വർക് നിയർ ഹോം കേന്ദ്രം മന്ത്രി
പി രാജീവ് ഉദ്‌ഘാടനം ചെയ്‌തപ്പോൾ (ഫയൽ ചിത്രം)
പ്രീമിയം ലുക്കിൽ പ്രത്യേക ക്യാബിനുകളുമുണ്ട്. ഇരുപതോളംപേർക്ക് ഇവിടെ ജോലി ചെയ്യാൻ സൗകര്യമുണ്ട്. വ്യവസായമന്ത്രി പി രാജീവിന്റെ ‘സ്കില്ലിങ് കളമശേരി യൂത്ത് (സ്-കെെ)’ പദ്ധതിയുടെ ഭാഗമായാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ വർക് നിയർ ഹോം പദ്ധതി തുടങ്ങിയത്. കളമശേരി കിൻഫ്ര പാർക്കിലെ അസാപ് സ്‌കിൽ ഡെവലപ്‌മെന്റ് പാർക്കിൽ മൂന്നുകോടി രൂപ ചെലവിൽ നിർമിക്കുന്ന വർക് നിയർ ഹോം കേന്ദ്രത്തിൽ 200 പേർക്ക് ഒരേസമയം ജോലി ചെയ്യാം.
കേരളത്തിൽ വർക്ക്‌ഫോഴ്‌സുണ്ട്
സർക്കാരിന്റെയും സ്‌റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തന ഫലമായി വലിയ സാമൂഹ്യമാറ്റമാണ് കേരളത്തിലുണ്ടായത്. ഗവേഷണങ്ങൾ നടത്താനും സേവനം വിപണിയിലേക്ക് എത്തിക്കാനും കഴിയുന്ന വർക്ക്‌ഫോഴ്‌സ് കേരളത്തിലുണ്ട്.
അനൂപ് അംബിക , സിഇഒ, കേരള സ്റ്റാർട്ടപ് മിഷൻ (ഹഡിൽ ഗ്ലോബൽ 2024ൽ പറഞ്ഞത്)
കേരളത്തിന്റേത് അതിശയകരമായ മാറ്റം
2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയുടെ അഞ്ചിരട്ടിയാണ്. സ്റ്റാർട്ടപ്പുകൾ ഇന്ന് കേരളത്തിന്റെ -സമ്പദ്‌വ്യവസ്ഥയെ കീഴടക്കുകയും സർവവ്യാപിയായി മാറിയിരിക്കുകയും ചെയ്തു. ഏകജാലകത്തിലൂടെ അനുമതി ലഭിക്കുമെന്നു മാത്രമല്ല, അത് കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ടു നടപ്പാകുകയും ചെയ്യുന്നു. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസ്സിന്റെ കാര്യത്തിൽ ചെകുത്താന്റെ കളിസ്ഥലമാണെന്ന് മുമ്പു ഞാൻ പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റംവന്നെങ്കിൽ അത് ആഘോഷിക്കേണ്ടതാണ്.
ശശി തരൂർ എംപി ; (ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതിയ ലേഖനത്തിൽനിന്ന്)
കേരളം സംരംഭക സൗഹൃദം: ബിജെപി എംപി
പൊതുസ്ഥാപനങ്ങൾക്ക് എങ്ങനെ വലിയതോതിൽ സംരംഭകത്വം വളർത്തിയെടുക്കാൻ കഴിയുമെന്നതിന്റെ ശക്തമായ ഉദാഹരണമാണ് കേരളം സ്റ്റാർട്ടപ് മിഷനിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിലെ ദേവ്രിയ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപി ശശാങ്ക് മണി. ചെറുപ്പക്കാരെ രാജ്യത്തെ മികച്ച സംരംഭ മാതൃകകള്‍ പരിചയപ്പെടുത്താന്‍ നടത്തുന്ന ജാഗൃതി യാത്രയുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു പരിപാടിയുടെ സ്ഥാപകന്‍കൂടിയായ ശശാങ്ക് മണി.
സര്‍ക്കാരും സ്റ്റാര്‍ട്ടപ്പുകളും സാമൂഹിക സംരംഭങ്ങളും ചേര്‍ന്നുള്ള പ്രവർത്തനം പ്രാദേശികവളർച്ചയെ എങ്ങനെ നയിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് കേരളത്തില്‍ തെളിയുന്നതെന്ന് ജാഗൃതി സിഇഒ അശുതോഷ് കുമാർ പറഞ്ഞു.










0 comments