‘വെള്ളവും വളവും’ കേരളമണ്ണിൽ ; സ്റ്റാർട്ടപ് വിജയവുമായി കൊൽക്കത്തക്കാരൻ

kerala startup

എന്റെ കേരളം പ്രദർശന വിപണന മേളയിൽ സ്റ്റാർട്ടപ് മിഷന്റെ സ്റ്റാളിൽ ആർജിത് മജുൻദാർ ഉൽപ്പന്നത്തെ വിവരിക്കുന്നു

avatar
ടി എസ്‌ അഖിൽ

Published on May 08, 2025, 02:54 AM | 1 min read



പാലക്കാട്‌ :

വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച ആശയവുമായാണ്‌ കൊൽക്കത്തക്കാരൻ അരിജിത്‌ മജുംദാർ മൂന്നുവർഷംമുമ്പ്‌ കേരളത്തിലെത്തിയത്‌. പാലക്കാട്‌ ഐഐടി ക്യാമ്പസിലെ ടെക്‌ഇൻ ഇൻക്യുബേഷൻ പരിപാടിയിൽ അവന്റെ ആശയത്തിന്‌ ജീവൻവച്ചു. കേരളത്തിന്റെ മണ്ണ്‌ തന്റെ സംരംഭത്തിന്‌ ഗുണമാകുമെന്ന്‌ തിരിച്ചറിഞ്ഞ അരിജിത് പാലക്കാട്ട്‌ തുടരാൻ തീരുമാനിച്ചു. ഇന്ന്‌ ഈ വിദ്യാർഥി രാജ്യം അറിയപ്പെടുന്ന സ്‌റ്റാർട്ടപ്‌ ഉടമയാണ്‌. തന്റെ വളർച്ചയ്‌ക്കും നേട്ടത്തിനും അരിജിത്‌ നന്ദി പറയുന്നത്‌ ഐഐടിയോടും കേരള സ്റ്റാർട്ടപ് മിഷനോടും സംസ്ഥാന സർക്കാരിനോടും.


കോവിഡ്‌ തന്ന ആശയം

കോവിഡ്‌കാലത്ത്‌ അണുനാശിനികളുടെ വ്യാപക ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിൽനിന്നാണ്‌ ആശുപത്രികളും സ്ഥാപനങ്ങളും അണുമുക്തമാക്കാനുള്ള ‘ഓട്ടോമാറ്റിക്‌ ഡിസ്‌ഇൻഫെക്ഷൻ സിസ്‌റ്റം’ എന്ന ഉപകരണത്തെക്കുറിച്ചുള്ള ആശയം ജനിക്കുന്നത്‌. 250 ചതുരശ്ര അടി വിസ്‌തീർണമുള്ള ഒരുമുറി 15 മിനിറ്റിൽ അണുമുക്തമാക്കാൻ ഈ ഉപകരണത്തിനാകും. മുറിയിലെ വായുവും വസ്‌തുക്കളും ഒരുപോലെ അണുമുക്തമാക്കപ്പെടും.


ആശുപത്രികളിലും മറ്റ്‌ രോഗവ്യാപന സാധ്യതയുള്ള ഇടങ്ങളിലും ഇത്‌ ഉപയോഗിക്കാം. അൾട്രാവയലറ്റ്‌ വികിരണങ്ങൾ, ഹൈഡ്രജൻ പൊറോക്‌സൈഡ്‌, മൂന്ന്‌ അമോണിയ അധിഷ്ഠിത ലായനികൾ എന്നിവകൊണ്ടുണ്ടാക്കുന്ന ഡ്രൈമിസ്‌റ്റ്‌ എന്നിവയാണ്‌ അണുനാശത്തിന്‌ ഉപയോഗിക്കുന്നത്‌. ഉപകരണം പ്രവർത്തിക്കുമ്പോൾ ആരെങ്കിലും മുറിയിലേക്ക്‌ കയറിയാൽ തനിയെ പ്രവർത്തനം നിലയ്‌ക്കുന്ന സെൻസർ സംവിധാനവുമുണ്ട്‌.


കൂട്ടാണ്‌ സ്‌റ്റാർട്ടപ് മിഷൻ

പാലക്കാട്‌ ഐഐടി ടെക്‌ഇന്നിൽ ‘ഓട്ടോമാറ്റിക്‌ ഡിസ്‌ഇൻഫെക്ഷൻ സിസ്‌റ്റ’ത്തിന്റെ പ്രോട്ടോടൈപ്പ്‌ പൂർത്തിയായശേഷം അരിജിത് കേരള സർക്കാരിന്റെ സ്‌റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ടു. പാലക്കാട്‌ പോളിടെക്‌നിക്കിലെ ലീപ്‌ സെന്ററിൽ അരിജിത്തിന്‌ സഹായം ഒരുക്കി. 2024ൽ 10 ലക്ഷം രൂപ സ്റ്റാർട്ടപ്പ്‌ മിഷൻ നൽകി. അവിന്യ ഇൻഫിനിറ്റി സൊല്യൂഷൻസ്‌ എന്ന സ്ഥാപനം അങ്ങനെ ഉയർന്നു. കഞ്ചിക്കോട്‌ ഐടിഐക്ക്‌ എതിർവശം പ്രവർത്തിക്കുന്നു. 2024ൽ ഡൽഹിയിൽ ദേശീയ സ്‌റ്റാർട്ടപ് മത്സരത്തിൽ ആരോഗ്യ വിഭാഗത്തിൽ മികച്ച ഇന്നവേറ്ററായി അരിജിത്‌ തെരഞ്ഞെടുക്കപ്പെട്ടു. 10 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക.


ഉൽപ്പാദനം ഉടൻ

മികച്ച അഭിപ്രായം ലഭിച്ചതോടെ ഉൽപ്പാദന യൂണിറ്റ്‌ തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌ അരിജിത്‌. ഒന്നിന്‌ 30,000 രൂപ ചെലവുവരും. ഓട്ടോമാറ്റിക്‌ ഡിസ്‌ഇൻഫെക്ഷൻ സിസ്‌റ്റത്തിന്റെ പരിശോധന പൂർത്തിയായി. പാലക്കാട്‌, തൃശൂർ ജില്ലകളിലെ ആശുപത്രികളിലും സ്ഥാപനങ്ങളിലുമാണ്‌ പരീക്ഷണത്തിന്‌ ഉപകരണം നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home