print edition കായികഭവൻ കായിക മേഖലയുടെ ഭരണകേന്ദ്രമാകും: മന്ത്രി

കായികഭവന്റെ പൂർത്തിയായ ഒന്നാംഘട്ടത്തിന്റെ ഉദ്‌ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കുന്നു

സ്വന്തം ലേഖകൻ
Published on Mar 12, 2026, 12:00 AM | 2 min read
തിരുവനന്തപുരം: സംസ്ഥാന കായികമേഖലയുടെ ദീർഘനാളത്തെ ആവശ്യമായിരുന്ന കായിക ഭവൻ യാഥാർഥ്യമായി. തിരുവനന്തപുരം വാൻറോസ് ജങ്‌ഷനിലെ 30 സെന്റിൽ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് എട്ടര കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം മന്ത്രി വി അബ്ദുറഹിമാനാണ് നാടിന് സമർപ്പിച്ചത്. ഏഴു നിലകളിലായി 4259 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരമാണ് നിർമിക്കുന്നത്. രണ്ടാംഘട്ട നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
കായിക ഡയറക്ടറേറ്റ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എന്നിവ ഇവിടേക്ക് മാറ്റും. രാജ്യത്ത് ആദ്യമായി, ഒരു കായിക വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പ്ലാനിങ് ആൻഡ് റിസർച്ച് വിഭാഗവും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ 43 കായിക ഇനങ്ങളെ ഉൾപ്പെടുത്തി ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികളും നിലവിൽ വരും. കായിക വകുപ്പിന്റെ പ്രവർത്തന മാർഗരേഖയും കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ പുതിയ വെബ്‌സൈറ്റും മന്ത്രി പ്രകാശിപ്പിച്ചു. വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ജി വി രാജ സ്പോർട്‌സ് സ്കൂളിലെ മുഹമ്മദ് അഷ്‌ഫാഖിന് കായികവകുപ്പ് നൽകുന്ന അഞ്ചുലക്ഷം രൂപയുടെ ചെക്ക് മന്ത്രി വി അബ്ദുറഹിമാൻ കൈമാറി.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി അധ്യക്ഷനായി. കായിക യുവജനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു, ഡയറക്ടർ പി വിഷ്ണുരാജ്, കൗൺസിലർ എസ് ഷേർലി, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേഷ് തുടങ്ങിയവർ സംസാരിച്ചു.
5000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി
തിരുവനന്തപുരം: കായിക മേഖലയുടെ സമഗ്ര ഭരണ കേന്ദ്രമായി കായിക ഭവൻ മാറുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കായിക പ്രതിഭകളെ വാർത്തെടുക്കാനുള്ള നിർണായക കേന്ദ്രമായി കായിക ഭവൻ പ്രവർത്തിക്കും. തിരുവനന്തപുരം വാൻറോസ് ജങ്‌ഷനിലെ 30 സെന്റിൽ ഒന്നാംഘട്ട നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ പത്ത് വർഷത്തിൽ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കായിക മേഖലയിൽ നടപ്പാക്കി.
രണ്ട് സിന്തറ്റിക് ട്രാക്കുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് 24 സിന്തറ്റിക് ട്രാക്കുകളുണ്ട്. 830 പഞ്ചായത്തുകളിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചു.
2030– ലെ കോമൺവെൽത്ത് ഗെയിംസും 2036 ൽ ഇന്ത്യയിൽ നടക്കാൻ സാധ്യതയുള്ള ഒളിമ്പിക്‌സും മുന്നിൽക്കണ്ട് മികച്ച കായികതാരങ്ങളെ വാർത്തെടുക്കാൻ ‘ഒളിമ്പിക് പാത്ത്' എന്ന പേരിൽ പുതിയ പരിശീലന പരിപാടിക്ക് തുടക്കംകുറിച്ചു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മേനംകുളത്ത് നാല് സ്റ്റേഡിയങ്ങൾ ഉൾപ്പെടുന്ന സ്‌പോർട്‌സ് സർക്യൂട്ട് നിർമിക്കും. കൂടാതെ ജില്ലകളിൽ അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽക്കുളങ്ങളും ഫുട്‌ബോൾ ടർഫുകളും അത്‌ലറ്റിക് ഗ്രൗണ്ടുകളും ഒരുക്കും. കായിക മേഖലയ്ക്കായി സംസ്ഥാന ബജറ്റിൽ 300 കോടി രൂപ ഈ വർഷം മാറ്റിവച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് കൂടി ചേരുമ്പോൾ 500 കോടിയിലധികം രൂപ കായിക രംഗത്ത് മാത്രം ചെലവഴിക്കാനാകും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 960 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകിയെന്നും മന്ത്രി പറഞ്ഞു.










0 comments