സോളാറിൽ കുതിച്ച് കേരളം

എം ജഷീന
Published on May 23, 2026, 01:24 AM | 1 min read
കോഴിക്കോട്: സോളാർ വൈദ്യുതി ഉൽപ്പാദനത്തിൽ 10 വർഷത്തിനുള്ളിൽ അതിവേഗ കുതിപ്പ് കൈവരിച്ച് കേരളം. സോളാർ വൈദ്യുതി ഉൽപ്പാദനശേഷി 2200 മെഗാവാട്ട് ആയാണ് ഉയർന്നത്. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ മേൽക്കൂരയിൽനിന്നുണ്ടാകുന്ന പുരപ്പുറ സൗരോർജ പദ്ധതിയിലാണ് ഏറ്റവും കൂടുതൽ ഉൽപ്പാദനശേഷി കൈവരിച്ചത് – ഏകദേശം 1600 മെഗാവാട്ട്. പുരപ്പുറ പാനലുകൾക്കുപുറമേ ഭൗമോപരിതല, ഫ്ലോട്ടിങ് സൗരോർജ പ്ലാന്റുകളിലൂടെയാണ് ശേഷിക്കുന്ന ഉൽപ്പാദനം.
ദിവസം മറ്റ് ഉൗർജസ്രോതസ്സുകൾ വഴി ഇവിടെ ഏതാണ്ട് 270 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ 120 ലക്ഷം യൂണിറ്റ് വരെയാണ് സൗരോർജസ്രോതസ്സുകൾ വഴി ലഭിക്കുന്നത്. കെഎസ്‌ഇബി ഫണ്ടും സബ്‌സിഡിയും നൽകിയാണ് 2016 മുതൽ സോളാർ വൈദ്യുതോൽപ്പാദനം പ്രോത്സാഹിപ്പിച്ചത്. വൈദ്യുതി ബോർഡിന്റെ 1.42 കോടി ഉപഭോക്താക്കളിൽ 2,25,000 പേരാണ് സൗരോർജസ്രോതസ്സുകൾ സ്ഥാപിച്ചത്.
പകൽസമയം സോളാർ വഴി ഉൽപ്പാദനം കൂടുകയും ആ സമയത്ത് ആവശ്യകത കുറയുകയുമാണ്. പകൽ ലഭിക്കുന്ന അധികം വൈദ്യുതി കേന്ദ്രത്തിന് നൽകുകയാണ്. കഴിഞ്ഞ ദിവസം 50 ലക്ഷം യൂണിറ്റാണ് നൽകിയത്. ഇത് പരിഹരിക്കാനായി പകൽ സമയത്തെ അധിക വൈദ്യുതി സംഭരിച്ച് രാത്രിയിലേക്ക് ഉപയോഗിക്കാനായി ബാറ്ററി എനർജി സ്‌റ്റോറേജ് സിസ്‌റ്റവും (ബിഇഎസ്‌എസ്) പന്പ്‌ഡ് സ്‌റ്റോറേജ് പ്രോജക്ടും (പിഎസ്‌പി) ആരംഭിക്കാനിരിക്കയാണ് കെഎസ്‌ഇബി. ബിഇഎസ്‌എസ് ഒക്ടോബറിൽ കമീഷൻ ചെയ്യും. കാസർകോട്ടാവും ആദ്യ പദ്ധതി. പകൽ ലഭിക്കുന്ന വൈദ്യുതിയിൽ ഡാമിലേക്ക് വെള്ളം അടിച്ച് അതുപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പിഎസ്‌പി കക്കയത്ത് തുടങ്ങും. ഇതോടെ സോളാറിലൂടെ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും രാത്രിയിലും ഉപയോഗിക്കാൻ കഴിയും.











0 comments