Deshabhimani

സരൾ കേരളം ബില്ലിലൂടെ വയലും തണ്ണ‍ീർത്തടവും ഭൂമാഫിയക്ക്‌

print edition സരൾ അല്ല, കരാളം

vd satheesan legislative assembly
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Oct 30, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ നെൽവയലുകളും തണ്ണീർത്തടങ്ങളും ഭൂമാഫിയകൾക്ക്‌ തീറെഴുതുന്ന ‘സരള്‍ കേരളം ബില്‍’ ഭരണപക്ഷത്ത്‌ നിന്നടക്കം ഉയർന്ന എതിർപ്പ്‌ അവഗണിച്ച്‌ നിയമസഭ പാസാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അധികാരം കവരുന്ന വ്യവസ്ഥകളും ഉൾപ്പെടുന്നതാണ്‌ ബില്ല്‌. തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നതും ജനങ്ങള്‍ക്ക് സിവില്‍ കോടതികളെ സമീപിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമായ ബില്ലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോയി.


പ്രതിപക്ഷ അഭാവത്തിലാണ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച സരൾ (സിംപ്ലിഫൈഡ് ആൻഡ്‌ ആക്‌സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവല്‍സ് ആൻഡ്‌ ലൈസന്‍സിങ്‌) കേരളം ബിൽ പാസാക്കിയത്‌. ഭരണപക്ഷ എംഎൽഎമാരായ സജീവ്‌ ജോസഫ്‌, ജി സുധാകരൻ എന്നിവരുടെയടക്കം ഭേദഗതികൾ വോട്ടിനിട്ട്‌ തള്ളി. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ബില്ലിലെ വ്യവസ്ഥയിൽ സംശയം പ്രകടിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന മാരിടൈം ബില്ലിനുപിന്നാലെയാണ്‌ സരള്‍ കേരളം ബില്ലും വാശിയോടെ പാസാക്കിയത്‌.

‘സരൾ’ എന്നാണ്‌ പേരെങ്കിലും കേരളത്തെ സംബന്ധിച്ച്‌ കരാള ബില്ലാണിതെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കുന്നതിന്‌ കേരളം അംഗീകരിച്ച നിയമങ്ങളും വ്യവസ്ഥകളും നിലവിലുണ്ട്. അത് സംരക്ഷിക്കാന്‍ അധികാരമുള്ള കമ്മിറ്റികളുമുണ്ട്‌. ഇത്തരം കമ്മിറ്റികൾക്കുപകരം ഉദ്യോഗസ്ഥ തലത്തിലെ കമ്മിറ്റിക്ക്‌ തീരുമാനിക്കാൻ കഴിയുംവിധമാണ്‌ ബില്ലിലെ വ്യവസ്ഥ. ഇത്‌ കേരളത്തിന്റെ തണ്ണ‍‍ീർത്തടങ്ങളും നെൽവയലുകളും ഇഷ്‌ടംപോലെ വിനിയോഗിക്കാൻ അവസരമൊരുക്കും.


​ലൈസന്‍സ്‌, കെട്ടിടനിര്‍മാണ അനുമതി അധികാരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് പിടിച്ചെടുത്ത് ചീഫ് സെക്രട്ടറിയുടെയും കലക്‌ടറുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ കമ്മിറ്റികള്‍ക്ക് കൈമാറാനും വ്യവസ്ഥചെയ്യുന്നു. മലിനീകരണമോ അപകടമോ ഉണ്ടാക്കുന്ന ഫാക്‌ടറികള്‍ ഉദ്യോഗസ്ഥന് പൂട്ടിയിടാനോ സസ്‌പെന്‍ഡ് ചെയ്യാനോ അധികാരമില്ല. ബില്ലിൽ നിഷ്‌കർഷിക്കുന്ന അതോറിറ്റിയോ ഉദ്യോഗസ്ഥരോ എടുക്കുന്ന തീരുമാനത്തിനെതിരെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയത്തിൽപോലും പൗരൻ സിവില്‍ കോടതിയെ സമീപിക്കാൻ പാടില്ലെന്നും വ്യവസ്ഥചെയ്യുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home