ad
Deshabhimani

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല; നാല് ജില്ലകളിൽ ഔട്ട്ബ്രേക്ക്

...

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 07:03 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസം മുതൽ മാത്രം സംസ്ഥാനത്ത് 216 പേർക്ക് ഷിഗെല്ല ബാധിക്കുകയും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.


ഈ വർഷം ഇതുവരെ ആകെ 294 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് നിലവിൽ അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.


കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കോഴിക്കോട് (76 കേസ്), വയനാട് (26 കേസ്), തൃശൂർ (14 കേസ്), ആലപ്പുഴ (5 കേസ്) എന്നീ നാല് ജില്ലകളിൽ ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ മലപ്പുറം (36), തിരുവനന്തപുരം (19), കൊല്ലം (15), കണ്ണൂർ (13), പാലക്കാട് (6), എറണാകുളം (4), ഇടുക്കി (3), പത്തനംതിട്ട (1) എന്നീ ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചു.


മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2022ൽ 83 പേർക്കും, 2023ൽ 90 പേർക്കും, 2024ൽ 121 പേർക്കും, കഴിഞ്ഞ വർഷം (2025) 132 പേർക്കുമായിരുന്നു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്.


എന്നാൽ ഈ വർഷം പകുതിയാകുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം മുന്നൂറിലേക്ക് അടുക്കുകയാണ്. മനുഷ്യന്റെ കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, ശക്തമായ വയറുവേദന, വിട്ടുമാറാത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോകുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.


ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും ലക്ഷണങ്ങൾ പ്രകടമാകുക. രോഗബാധിതരായ എല്ലാവരിലും ലക്ഷണങ്ങൾ ഒരേപോലെ കാണണമെന്നില്ലാത്തതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home