ഓരോ വർഷവും മുന്നോട്ട്

കേരളം രണ്ട് ട്രില്യൺ ബജറ്റ് പ്രതീക്ഷയിലേക്ക് ഉയരുന്നു: പദ്ധതി നിർവ്വഹണം 92.32 ശതമാനം കടന്നു

kerala secretariat
വെബ് ഡെസ്ക്

Published on Mar 30, 2025, 05:55 PM | 3 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വാർഷിക പദ്ധതി നിർവ്വഹണം 92.32 ശതമാനം കടന്നു. തദ്ദേശ സ്വയംഭരണ പദ്ധതിയും ചേർന്നുള്ള ഭരണ നിർവ്വഹണത്തിലെ ഈ വർഷത്തെ ഇന്നുവരെയുള്ള നേട്ടമാണിത്. ശനിയാഴ്ചവരെയുള്ള ട്രഷറി ഇടപാടുകൾ ഉൾപ്പെട്ടതാണ് കണക്കുകൾ.  ഇവ മൊത്തം 28,039 കോടി മറികടന്നതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.


സംസ്ഥാന പദ്ധതി ചെലവിലെ നേട്ടം ഇതുവരെ 85.66 ശതമാനമാണ്‌. 18,705.68 കോടി രൂപ. തദ്ദേശ സ്ഥാപന ഇനത്തിലെ പദ്ധതി ചെലവ്‌ 110 ശതമാനം പിന്നിട്ടു. 9333.03 കോടി രൂപയായി ഉയർന്നു.


വെട്ടിക്കുറവ് ആരോപിച്ചവർ ഞെട്ടി

പദ്ധതി ചെലവിൽ ഒരു വെട്ടിക്കുറവും ഉണ്ടായിട്ടില്ലെന്ന് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നു. പദ്ധതികൾക്ക്‌ മുൻഗണന നിശ്ചയിച്ചപ്പോൾ തന്നെ ഇത്തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നതാണ്. പദ്ധതി ചുരുക്കുന്നതായി വരുത്തി തീർക്കാനും പ്രചരിപ്പിക്കാനുമായിരുന്നു ശ്രമം. ഒപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്‌ അമ്പത്‌ ശതമാനം കടക്കില്ലെന്ന് വാദിച്ചവരും ഉണ്ടായി. ഇവയെ എല്ലാം നിശ്ശബ്ദമാക്കി ഏറ്റവും മികച്ച തദ്ദേശ പദ്ധതി ചെലവാണ്‌ ഇത്തവണ പുറത്തു വന്ന കണക്കുകളിൽ.


ഓരോവർഷവും മുന്നോട്ട്

2023 - 24ൽ സംസ്ഥാന പദ്ധതി ചെലവ്‌ 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ്‌ 84.7 ശതമാനവും. 2022 - 23ൽ സംസ്ഥാന പദ്ധതി ചെലവ്‌ 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ്‌ 101.41 ശതമാനവുമായിരുന്നു. മുൻവർഷങ്ങളിലെ മികവുകളെ മറികടന്ന് 2024-25 വർഷത്തെ വാർഷിക ചെലവ്‌ ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ചിൽ മാത്രം 26,000 കോടി രൂപയിൽ അധികമാണ്‌ സർക്കാർ പദ്ധതിയിനത്തിൽ ചെലവിട്ടത്‌.

 minister k n balagopal

സാമ്പത്തിക വർഷം ഇനിയും ദിവസങ്ങൾ ചേർന്നതാണ് എന്നിരിക്കെ ഇത് ഇനിയും ഉയരാനാണ്‌ സാധ്യത. രണ്ടു ട്രില്യൺ ബജറ്റിലേക്ക്‌ കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ.


തനത് വരുമാനം ഒരു ലക്ഷം കോടിയിലേക്ക്

തനത്‌ വരുമാനം ഒരുലക്ഷം കോടിയിലേക്ക്‌ എത്തുന്നതായാണ്‌ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്‌. തനത്‌ നികുതി വരുമാനം മാത്രം 84,000 കടക്കുമെന്നാണ്‌ സൂചന. പുതുക്കിയ അടങ്കലിൽ 81,627 കോടി രൂപയാണ്‌ കണക്കാക്കിയിരുന്നത്‌. നികുതിയേതര വരുമാനം മാർച്ച്‌ 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടിയായിരിക്കുന്നു. ഇതും അന്തിമ കണക്കിൽ ഉയരാനാണ്‌ സാധ്യത. 

 

കുതിപ്പേകാൻ ബജറ്റ് വകയിരുത്തിയതിലും അധികം

ക്ഷേമ പെൻഷൻ നൽകിയത്‌ 13,082 കോടി രൂപ. ബജറ്റ്‌ വകയിരുത്തലിനേക്കാൾ 2053 കോടി അധികം നൽകി. കാസ്‌പിന്‌ 979 കോടി ചെലവിട്ടു. ബജറ്റ്‌ വകയിരുത്തലിനേക്കാൾ 300 കോടി അധികം നൽകി. സർക്കാർ ആശുപത്രികൾക്ക്‌ അവശ്യ മരുന്നുകൾ വാങ്ങി നൽകിയതിന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ 607 കോടി നൽകി. ബജറ്റിനേക്കാൾ 251 കോടി അധികം നൽകി കേരളത്തിന്റെ ആരോഗ്യ രംഗത്തെ സ്വാശ്രയ ഭദ്രത ഉറപ്പാക്കി.

 

റേഷനും വിലക്കയറ്റം തടയാനും അധികം നൽകി

റേഷൻ സബ്‌സിഡിക്ക്‌-1012 കോടി രുപ. ബജറ്റ്‌ വകയിരുത്തിയതിനേക്കാൾ 74 കോടി രൂപ അധികമാണിത്. കെഎസ്‌ആർടിസിക്ക് സഹായമായി 1612 കോടി നൽകി. ബജറ്റ്‌ വകയിരുത്തലിനേക്കാൾ 676 കോടിയാണ്‌ അധികമായി നൽകിയത്‌. ജലജീവൻ മിഷന്‌ 952 കോടി നൽകി. ബജറ്റ്‌ വിഹിതത്തെക്കാൾ 401 കോടിയാണ്‌ അധികമായി നൽകിയത്‌

ലൈഫ്‌ മിഷന്‌ നൽകിയത്‌ 749 കോടിയാണ്‌.പുറമെ പിഎഎവൈ അർബൻ പദ്ധതിക്ക്‌ 61 കോടിയും നൽകി. ഉച്ച ഭക്ഷണ പദ്ധതിക്ക്‌ 759 കോടി നൽകി. നെല്ല്‌ സംഭരണത്തിന്‌ 558 കോടി നൽകി. ബജറ്റിലെ മുഴുവൻ തുകയും അനുവദിച്ചു. വിലക്കയറ്റം തടയാൻ വിപണി ഇടപെടലിന്‌ 489 കോടി നൽകി. ബജറ്റ്‌ വിഹിതം 205 കോടി മാത്രം. അധികം നൽകിയത്‌ 284 കോടി രൂപ


സ്കോളർഷിപ്പുകൾ മുൻകാല കുടിശിക പോലും തീർത്തു

SC/ST/OBC/OEC/Minority Scholarship-കൾക്കായി 1429 കോടി രൂപയാണ്‌ നൽകിയത്‌. ഏതാണ്ട്‌ മുൻകാല കുടിശികകളെല്ലാം തീർത്തു. ആവശ്യപ്പെട്ട ഒരു തുകയും നൽകാനില്ല

 

ആശ വർക്കേഴ്‌സിന്‌ സംസ്ഥാന സഹായമായി 211 കോടി നൽകി. ബജറ്റ്‌ വിഹിതം 188 കോടി. 23 കോടി രൂപ അധികം നൽകി.ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക്‌ പ്രതിഫലം നൽകിയത്‌ 240 കോടി. എൻഎച്ച്‌എമമിന്‌ സംസ്ഥാന വിഹിതമായി 425 കോടി നൽകി. ബജറ്റ്‌ വകയിരുത്തലിനേക്കാൾ 60 കോടിയാണ്‌ അധികമായി നൽകിയത്‌. അയ്യൻകാളി തൊഴിലുറപ്പിൽ വേതനമായി 160 കോടി വിതരണം ചെയ്‌തു. സ്‌കൂൾ പാചകത്തൊഴിലാളി വേതനത്തിന്‌ 379 കോടി നൽകി. പുഞ്ച സബ്‌സിഡി 15 കോടി ബജറ്റിൽ വച്ചു. 44 കോടി ചെലവായി. ബജറ്റ്‌ വകയിരുത്തലിന്റെ ഇരട്ടി, 29 കോടി അധികമായി നൽകി

 

സ്‌കൂൾ യുണിഫോം പദ്ധതിക്ക്‌ 144 കോടി നൽകി. ഇൻകം സപ്പോർട്ട്‌ സ്‌കീമുകൾക്ക്‌ 68 കോടിയും നൽകി. ഗ്രാമീണ തൊഴിലുറപ്പിന്റെ സാധന സാമഗ്രി ചെലവിനായി 614 കോടിയും നൽകി. കൊച്ചി മെട്രോയ്‌ക്ക്‌ ബജറ്റിൽ വകയിരുത്തൽ ഉണ്ടായിരുന്നില്ല. എന്നിട്ടും 439 കോടി നൽകി. കെഎസ്‌ഇബിക്ക്‌ ബജറ്റിൽ വകയിരുത്തൽ ഇല്ലാഞ്ഞിട്ടും 495 കോടിയാണ്‌ നൽകിയത്‌.

 

ജീവക്കാർക്കും ആശ്വാസം

ജീവനക്കാരുടെയും അധ്യാപകരുടെയും ഡി എ കുടിശിക 3 % അനുവദിച്ചു. സർവീസ്‌ പെൻഷൻകാരുടെ ഒരു ഗഡു ക്ഷാമാ ശ്വാസവും അനുവദിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുകയാണ്‌. പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ വിതരണം ചെയ്‌തു. ജീവനക്കാരുടെ ഡി എ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക്‌ ഇൻ പീരിയഡ്‌ ഒഴിവാക്കി. സംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക 50 ശതമാനം പിഎഫിൽ ലയിപ്പിച്ചു.ക്ഷേമ പെൻഷൻ കുടിശിക രണ്ടു ഗഡു വിതരണം ചെയ്‌തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വർഷം നൽകുന്നതിനും തീരുമാനമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home